സെഞ്ചൂറിയനിൽ ചരിത്രം തിരുത്തി ഇന്ത്യ
അതിജീവനത്തിനുള്ള ആതിഥേയ മോഹങ്ങളെ ടീം ഇന്ത്യ എറിഞ്ഞിടുകയായിരുന്നു
സെഞ്ചൂറിയനിൽ ചരിത്രം തിരുത്തിയെഴുതി ഇന്ത്യ. ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 305 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191ന് പുറത്താവുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ കെ.എൽ രാഹുലാണ് കളിയിലെ താരം. അതിജീവനത്തിനുള്ള ആതിഥേയ മോഹങ്ങളെ ടീം ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. 94ന് 4 എന്ന നിലയിലാണ് അവസാന ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റൻ എൽഗറിന്റെ ചെറുത്തുനിൽപ്പിൽ ദക്ഷിണാഫ്രിക്ക പ്രതീക്ഷയർപ്പിച്ചു. എന്നാൽ 77 റൺസെടുത്ത ക്യാപ്റ്റനെ വീഴ്ത്തി ബുംറ ഇന്ത്യക്ക് ആശിച്ച ബ്രേക്ക് ത്രൂ നൽകി. പിന്നീട് തുടരെ വിക്കറ്റുകളാണ് ടീം ഇന്ത്യ എറിഞ്ഞു വീഴ്ത്തിയത്. ബുംറ, ഷമി എന്നിവർ മൂന്ന് വിക്കറ്റും, അശ്വിൻ, സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവുമാണെടുത്തത്. 113 റൺസ് അകലെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. നിലവിൽ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്.
സെഞ്ചൂറിയൻ ടെസ്റ്റിലെ ചരിത്രവിജയത്തോടെ ഒരു പിടി റെക്കോർഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവി ഒഴിച്ചാൽ ഇന്ത്യൻ ടെസ്റ്റ് ടീം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ച്ചവെച്ചത്. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് കളിക്കാൻ തുടങ്ങിയ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയം. സ്വന്തം മണ്ണിൽ രണ്ടാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പിന്നിലാകുന്നത്. ക്യാപ്റ്റൻസി വിവാദത്തിന്റെ അലയൊലികൾ അടക്കാൻ കോഹ്ലിക്കും ഇന്ത്യക്കും ഒരുപോലെ അനിവാര്യമായിരുന്നു വിജയം. ബൗളർമാർ ഒരുക്കിയ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. ആഗസ്റ്റിലെ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ കിരീടമുയർത്തിയിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലും ഓവലിലും ഇംഗ്ലീഷ് സംഘത്തെ ഇന്ത്യ പരാജയപ്പെടുത്തി.