ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത; ബംഗ്ലാദേശിനെതിരായുള്ള മത്സരത്തിൽ ആദ്യ ഇലവനില്‍ സഹലും ആശിഖുമില്ല
ലോകകപ്പ് ഫുട്ബോൾ യോഗ്യത പ്രതീക്ഷകൾ അസ്തമിച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഏഷ്യൻ കപ്പാണ്.
ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അയൽക്കാരായ ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മലയാളി താരങ്ങളായ സഹലും ആശിഖ് കുരുണിയനുമില്ല. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ ഗുർപ്രീത് സിങ് സന്ദു ഗോൾവല കാക്കും. സുബാഷിസ് ബോസ്, ചിംഗൽസന സിങ്, സന്ദേശ് ജിങ്കൻ, ഗ്ലാൻ മാർട്ടിൻസ്, മൻവീർ സിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ബിപിൻ സിങ്, ഉഡാന്ത സിങ്, സുരേഷ് സിങ് എന്നിവരാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ട മറ്റുതാരങ്ങൾ.
ലോകകപ്പ് ഫുട്ബോൾ യോഗ്യത പ്രതീക്ഷകൾ അസ്തമിച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഏഷ്യൻ കപ്പാണ്. രാത്രി 7.30നാണ് മത്സരം. ഹോട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ മൽസരം സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പ് 'ഇ'യിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത സജീവമായി നിലനിർത്തണമെങ്കിൽ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്. ഇത് രണ്ടാം തവണയാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ഒരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. അതിനാൽ തന്നെ 2023 എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ത്യക്ക് യോഗ്യത നേടണമെങ്കിൽ ബംഗ്ലാദേശിനെ വിലകുറച്ച് കാണാനാവില്ല. ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ഇന്ത്യയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു.
പ്രത്യേകിച്ച് പ്രതിരോധ നിരക്ക്. ഈ ആത്മവിശ്വാസവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം. ഈ രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ മൂന്നാമത് എത്താനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യക്ക് പുറത്ത് നടന്നൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ അവസാനമായി വിജയിച്ചത് 2001ൽ ബ്രൂണയ്ക്കെതിരെയാണ്. അതായാത് 7332 ദിവസങ്ങൾ കഴിഞ്ഞു ഇന്ത്യയുടെ ഒരു ലോകകപ്പ് യോഗ്യതാ വിജയത്തിന്. ബംഗ്ലാദേശിനെതിരായ മത്സരം വിജയിച്ചാൽ കാത്തുകാത്തിരുന്നൊരു വിജയമാകുമത്.