മഴ ജയിച്ചു... ഇന്ത്യ-പാക് മത്സരം റിസര്‍വ് ദിനത്തിലേക്ക്; ഇന്ന് നിര്‍ത്തിയിടത്തുനിന്ന് തുടങ്ങും

ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ഇന്നിങ്സിന്‍റെ തുടര്‍ച്ചയായി ആകും നാളെ മത്സരം തുടരുക. നാളെയും മഴ കളി കൊണ്ടുപോയാല്‍ ഇന്ത്യയും പാകിസ്താനും പോയിന്‍റ് തുല്യമായി പങ്കുവെക്കും

Update: 2023-09-10 16:01 GMT
Advertising

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരം പ്രതീക്ഷിച്ചതുപോലെ തന്നെ മഴ കൊണ്ടുപോയി. 24.1 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 147ല്‍ നില്‍ക്കുമ്പോള്‍ എത്തിയ മഴ ഇടയ്ക്ക് നിന്നെങ്കിലും, ഗ്രൌണ്ടും ഔട്ഫീല്‍ഡും പൂര്‍ണമായി ഉണക്കിയെടുക്കാനുള്ള ഇടവേള ലഭിച്ചില്ല. അപ്പോഴേക്കും മഴ വീണ്ടുമെത്തുന്ന അന്തരീക്ഷമാണ് കൊളംബോയില്‍ ഉണ്ടായത്. മഴ ഭീഷണി ഉണ്ടായതുകൊണ്ട് തന്നെ മത്സരത്തിന് നേരത്തേ തന്നെ റിസര്‍വ് ദിനം പ്രഖ്യാപിച്ചിരുന്നു. നാളെ റിസര്‍വ് ദിനത്തില്‍ മത്സരം തുടരും. ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ഇന്നിങ്സിന്‍റെ തുടര്‍ച്ചയായി ആകും നാളെ മത്സരം തുടരുക. നാളെയും മഴ കളി കൊണ്ടുപോയാല്‍ ഇന്ത്യയും പാകിസ്താനും പോയിന്‍റ് തുല്യമായി പങ്കുവെക്കും

മിന്നും തുടക്കം... ഇന്ത്യന്‍ ഇന്നിങ്സ് 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങിനയക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പോലും ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പാക് പേസര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഇന്ത്യയുടെ മുന്‍നിര ആദ്യ മത്സരത്തിന്‍റെ എല്ലാ ക്ഷീണവും തീര്‍ക്കുന്ന പ്രകടനമാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. നായകന്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. 49 പന്തില്‍ ആറ് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ രോഹിത് ശര്‍മ 56 റണ്‍സെടുത്തു. 52 പന്തില്‍ പത്ത് ബൌണ്ടറിയുള്‍പ്പെടെ ഗില്‍ 58 റണ്‍സെടുത്തു.

അടുത്തടുത്ത ഓവറുകളില്‍ ഇരുവരുടേയും വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്കായി വണ്‍ഡൌണായി വിരാട് കോഹ്ലിയും ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തുന്ന കെ.എല്‍ രാഹുലും ക്രീസിലെത്തി. എട്ട് റണ്‍സോടെ കോഹ്ലിയും 17 റണ്‍സോടെ രാഹുലും നില്‍ക്കുമ്പോഴാണ് മത്സരത്തിന്‍റെ ആവേശം കെടുത്താന്‍ രസംകൊല്ലിയായി മഴയെത്തിയത്. ഇന്ത്യന്‍ സ്കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന രാഹുല്‍ ഏഷ്യാ കപ്പ് സ്ക്വാഡിലൂടെയാണ് വീണ്ടും ടീമിലെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂര്‍ണമായും ഫിറ്റ്നസ് കൈവരിക്കാത്തതുകൊണ്ട് രാഹുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിന് ശേഷമുള്ള മികച്ച തിരിച്ചുവരവ് തന്നെയാകും രാഹുല്‍ പാകിസ്താനെതിരായ മത്സരത്തോടെ ലക്ഷ്യം വെക്കുന്നത്.

നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ-പാക് കളി മഴ മുടക്കിയ അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നും മത്സരം നടന്നത്. കൊളംബോയിൽ കനത്ത മഴ തുടരുമെന്ന് തന്നെയായിരുന്നു കാലാവസ്ഥാ പ്രവചനം. റിപ്പോര്‍ട്ടുകളെ ശരിവെച്ച് ഗ്രൂപ്പ് റൗണ്ടിൽ മഴയെടുത്ത മത്സരാവേശം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ഇന്നിങ്സിന്‍റെ 24-ാം ഓവറില്‍ മഴയെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയിൽ കനത്ത മഴ പെയ്തിരുന്നു.

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. ആദ്യമത്സരത്തിൽ പാകിസ്താനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നു. ഇന്ത്യയ്ക്കെതിരെ 35 റൺസിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകൾ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വെയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News