ബാറ്റിങ് മറന്ന് ഇന്ത്യ: ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 111
26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലാൻഡിനായി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോദി പിന്തുണ കൊടുത്തു. ടിം സൗത്തി, ആദം മിൽനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 111. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 110 റൺസ് നേടിയത്. 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലാൻഡിനായി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോദി പിന്തുണ കൊടുത്തു. ടിം സൗത്തി, ആദം മിൽനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ പാളി. രോഹിത് ശർമ്മക്ക് പകരക്കാരനായി എത്തിയ ഇഷൻ കിശൻ നിരാശപ്പെടുത്തി. 4 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വൺ ഡൗണായെത്തിയ രോഹിത് ശർമ്മക്ക് ആദ്യ പന്തിൽ തന്നെ ലൈഫ് കിട്ടിയെങ്കിലും ആയുസുണ്ടായിരുന്നില്ല. 14 റൺസെടുത്ത രോഹിതിനെ ഇഷ് സോദി മടക്കുകയായിരുന്നു. വിരാട് കോലി(9) ഹാർദിക് പാണ്ഡ്യ(23) ലോകേഷ് രാഹുൽ(18) എന്നിവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. അവസാനത്തിലെ ജഡേജയുടെ ഇന്നിങ്‌സാണ് സ്‌കോർ 100 കടത്തിയത്.
പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാൻ കിഷൻ, ശർദുൽ താക്കൂർ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ സൂര്യകുമാർ യാദവും ബൗളർ ഭുവനേശ്വർ കുമാറും പുറത്തായി. അതേസമയം ന്യൂസിലാൻഡും കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റം വരുത്തി. ടിം സെയ്ഫേർട്ടിന് പകരക്കാരനായി ആദം മിൽനെ ടീമിൽ ഇടം നേടി. ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലൻഡിനും. ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പിൽ ഇനിയും പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ജയം കൂടിയേ മതിയാകൂ ഇരുടീമിനും.