ആദ്യ ട്വന്റി-20യിൽ അനായാസം അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ
ടോസിന് പിന്നാലെ മഴ കളിച്ച മത്സരത്തിൽ ആദ്യം ബാറ്റ്‌ചെയ്ത അയർലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്.
അയർലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിജയലക്ഷ്യമായ 109 റൺസ് ഇന്ത്യ 16 പന്ത് ബാക്കിയാക്കി മറികടന്നു. ഋതുരാജ് ഗെയ്ക്വാദിന് പകരം ഓപ്പണറാകാൻ അവസരം കിട്ടിയ ദീപക് ഹൂഡ അവസരം അവിസ്മരണീയമാക്കി.
29 പന്തിൽ 47 റൺസുമായി ഹൂഡ ടോപ് സ്‌കോറർ ആയപ്പോൾ. ഇടവേളയ്ക്ക് ശേഷം ടീമിൽ എത്തിയ സൂര്യകുമാർ പൂജ്യത്തിന് പുറത്തായി. 26 റൺസ് നേടി ഇഷാൻ കിഷനും 24 റൺസുമായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ടോസിന് പിന്നാലെ മഴ കളിച്ച മത്സരത്തിൽ ആദ്യം ബാറ്റ്‌ചെയ്ത അയർലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. എന്നാൽ ഹാരി ടെക്ടർ എന്ന മധ്യനിര ബാറ്റർ ഇന്ത്യൻ ബൗളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
33 പന്തിൽ നിന്ന് 64 റൺസുമായി പുറത്താകാതെ നിന്ന ടെക്ടറിന്റെ ഒറ്റയാൾ പോരാട്ടമാണ് അയർലണ്ടിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ഉമ്രാൻ മാലിക് അരങ്ങേറിയെങ്കിലും നിറം മങ്ങി. സഞ്ജു സാംസണ് അവസരം നൽകിയതുമില്ല. പരമ്പരയിലെ അടുത്ത മത്സരം നാളെ നടക്കും