ബൂം... ബൂം... ശ്രീലങ്ക തകർന്ന് തരിപ്പണം; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസ് ജയം

ക്രീസിലെത്തിയ എട്ട് ശ്രീലങ്ക താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി

Update: 2022-03-14 13:36 GMT
Editor : Dibin Gopan | By : Web Desk
Advertising

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ. 238 റൺസിനാണ് ഇന്ത്യയുടെ വിജയം.447 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കരുണരത്‌നെയുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ശ്രീലങ്ക 200 കടന്നത്. കരുണരത്‌നയെ കൂടാതെ കുശാൽ മെൻഡീസിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

ക്രീസിലെത്തിയ എട്ട് ശ്രീലങ്ക താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്കായി ആർ.അശ്വിൻ നാല് വിക്കറ്റ് നേടിയപ്പോൾ ബുംറ മൂന്ന് വിക്കറ്റ് നേടി. അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റുമെടുത്തു.

ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ തകർത്തത്. ആദ്യ ഇന്നിങ്‌സിൽ ബുംറ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഋഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും അർധ സെഞ്ചുറിയും രോഹിത് ശർമയുടെ 46 റൺസുമാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്.

പന്ത് പുറത്തായതിന് ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ രക്ഷാപ്രവർത്തനം നടത്തി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ശ്രേയസ് അർധ സെഞ്ചുറി കണ്ടെത്തി. 87 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 67 റൺസ് നേടി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 22 റൺസും അക്ഷർ പട്ടേൽ ഒമ്പത് റൺസും നേടി. അശ്വിൻ 13 റൺസിന് പുറത്തായി. 16 റൺസോടെ മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.

ശ്രേയസ് അയ്യരാണ് മത്സരത്തിലെ താരം. ഋഷഭ് പന്താണ് പരമ്പരയിലെ താരം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News