ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു ടീമിൽ
രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇത്തവണയും ടീമിലില്ല
വെസ്റ്റ് ഇൻഡീസുമായുള്ള മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യ ബാറ്റിങ് ലഭിച്ചു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇത്തവണയും ടീമിലില്ല. രണ്ടാം ഏകദിനത്തിലെ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇന്നിറങ്ങിയത്. അക്ഷർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർക്ക് പകരം ഋതുരാജ് ഗെയ്ക്വാദും ജയദേവ് ഉനാട്കട്ടും ടീമിലേക്ക് വന്നു. അതേസമയം വിൻഡീസ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
വിൻഡീസിനെതിരെ അവസാന ഏകദിന മത്സരത്തിന് ഇന്ന് ഇന്ത്യയിറങ്ങുമ്പോൾ പരമ്പര വിജയം എന്നതിനപ്പുറം മറ്റു പലകാര്യങ്ങളും ടീമിന് നിർണായകമാണ്. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന എകദിന മത്സരമാണിത്. അതുകൊണ്ട് തന്നെ മത്സരത്തിലെ പ്രകടനം ടീമെന്ന നിലയിൽ ഇന്ത്യക്കും ലോകകപ്പ് സീറ്റ് ഉറപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയിൽ യുവതാരങ്ങൾക്കും നിർണായകമാണ്.
മുന്നു മത്സരങ്ങളുള്ള പരമ്പരയിൽ 1-1 നു ഒപ്പം നിൽക്കുന്നതിനാൽ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ടീമിൽ പല പരീക്ഷണങ്ങളും ഇന്ത്യ നടത്തിയിരുന്നു. രണ്ടാം ഏകദിനത്തിൽ ബാറ്റിങ് ഓർഡറിലെ അഴിച്ചു പണികളാണ് ഇന്ത്യക്ക് വിനയായത്.