ഛേത്രിയില്ല, മൂന്ന് മലയാളികൾ ടീമിൽ; കിങ്‌സ് കപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു
സെപ്റ്റംബർ ഏഴിന് നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ഇന്ത്യ ഇറാഖിനെ നേരിടും
ന്യൂഡല്‍ഹി: തായ്‌ലാൻഡിൽ അടുത്ത മാസം അരങ്ങേറുന്ന കിങ്‌സ് കപ്പിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് ടീമിനെ പ്രഖ്യാപിച്ചത്. ഛേത്രിക്ക് വിശ്രമം അനുവദിക്കുകയാണെന്ന് കോച്ച് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഏഷ്യൻ ഗെയിംസിനായി ഛേത്രി ടീമില്‍ തിരിച്ചെത്തും.
മലയാളികളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കരുണിയൻ, രാഹുൽ കെ.പി എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. തായ്‌ലന്റിലെ ചിയാങ് മായിൽ അടുത്ത മാസം ഏഴ് മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യ, ഇറാഖ്, ലബനാൻ ടീമുകളും ആതിഥേയരായ തായ്‌ലന്റുമാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
സെപ്റ്റംബർ ഏഴിന് നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ഇന്ത്യ ഇറാഖിനെ നേരിടും. രണ്ടാം സെമിയിൽ ലബനാൻ തായ്‌ലന്റ് ടീമുകൾ ഏറ്റുമുട്ടും. സെപ്റ്റംബർ 10 ന് നടക്കുന്ന കലാശപ്പോരിൽ സെമി വിജയികൾ മാറ്റുരക്കും.
ടീം ഇങ്ങനെ
ഫോർവേഡുകൾ- മൻവീർ സിങ്, റഹീം അലി, രാഹുൽ കെ.പി
മിഡ്ഫീൽഡ്- ജീക്‌സൺ സിങ്, സുരേഷ് സിങ് വാങ്ജാം, ബ്രാൻഡൻ ഫെർണാണ്ടസ്, സഹൽ അബ്ദുൽ സമദ്, അനിരുദ്ദ് ഥാപ്പ, രോഹിത് കുമാർ, ആഷിഖ് കുരുണിയൻ, നാവോറം മഹേഷ് സിങ്, ലാലിയൻ സുവാല ചാങ്‌തേ..
ഡിഫന്റർമാർ- ആശിഷ് റായ്, നിഖിൽ പൂജാരി, സന്ദേശ് ജിംഗാൻ, അൻവർ അലി, മെഹ്താബ് സിങ്, ലാൽ ചുങ്‌നുംഗ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്
ഗോൾകീപ്പർമാർ- ഗുർപ്രീത് സിങ് സന്ദു, അമരീന്ദർ സിങ്, ഗുർമീത് സിങ്