ഇഞ്ചുറി ടൈം ത്രില്ലര്‍; ക്രൊയേഷ്യക്ക് അല്‍ബേനിയന്‍ ചെക്ക്
ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ പിറന്ന ഗോളിലാണ് അല്‍ബേനിയ സമനില പിടിച്ച് വാങ്ങിയത്
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റ് വരെ ആവേശം അലയടിച്ച പോരാട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ. രണ്ട് മിനിറ്റിന്റെ ഇടവേളയിൽ പിറന്ന രണ്ട് ഗോളിൽ കളി പിടിച്ച ക്രൊയേഷ്യയെ 95ാം മിനിറ്റിൽ ക്ലൗസ് ജാസുലയാണ് ഞെട്ടിച്ചത്. സെൽഫ് ഗോളടിച്ച് ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടവൻ എന്ന നാണക്കേട് ഇഞ്ചുറി ടൈമിൽ ഒരു മനോഹര ഗോളിലൂടെ മറികടന്ന് ജാസുല അൽബേനിയക്ക് വിജയത്തോളം പോന്നൊരു സമനിലയാണ് സമ്മാനിച്ചത്. ഇതോടെ മരണ ഗ്രൂപ്പിലെ കാര്യങ്ങൾ അപ്രവചനീയമായി.
കളിയുടെ 11ാം മിനിറ്റിൽ തന്നെ ഗോളടിച്ച് ക്രൊയേഷ്യയെ ഞെട്ടിച്ച അൽബേനിയ 74ാം മിനിറ്റ് വരെ ക്രോട്ട് മുന്നറ്റങ്ങളെ കോട്ടകെട്ടി കാത്തു. യൂറോ കപ്പ് ഗ്രൂപ്പ് ബി യിൽ വലിയൊരു അട്ടി മറിക്കാണ് ഒരു ഘട്ടത്തിൽ കളമൊരുങ്ങിയത്. ഖാസിം ലാസിയാണ് അൽബേനിയക്കായി ആദ്യം വലകുലുക്കിയത്. എന്നാൽ രണ്ട് മിനിറ്റിന്റെ ഇടവേളയിൽ പിറന്ന രണ്ട് ഗോളിൽ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ച് വന്നു.
ഒടുങ്ങാത്ത ക്രോട്ട് വീര്യത്തിന് മുന്നിൽ കളിയുടെ അവസാന മിനിറ്റുകളിലാണ് അൽബേനിയക്ക് പിഴച്ചത്. 74ാം മിനിറ്റിൽ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. 76ാം മിനിറ്റിൽ ജാസുലയുടെ ഔൺ ഗോളിൽ മുന്നിലെത്തി. പിന്നെ തുടരെ ആക്രമണങ്ങൾ. കളിയുടെ അവസാന മിനിറ്റുകളിൽ ഗോൾ മടക്കാനുള്ള അൽബേനിയയുടെ ശ്രമങ്ങൾ ഇഞ്ചുറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ഫലം കണ്ടു.
മിനിറ്റുകൾക്ക് മുമ്പ് ഔൺ ഗോളുമായി അൽബേനിയയുടെ ദുരന്തനായകനായി മാറിയ ജാസുല 95ാം മിനിറ്റിൽ ടീമിന്റെ വീരനായകനായി മാറുന്ന കാഴ്ചയാണ് വോക്സ് പാര്‍ക് സ്റ്റേഡിയം കണ്ടത്. ഒടുവിൽ ക്രോട്ടുകൾക്ക് അൽബേനിയയുടെ സമനിലപ്പൂട്ട്. യൂറോയിലെ ഏറ്റവും വേഗമേറി ഗോള്‍ നേടി നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ ഞെട്ടിച്ച അല്‍ബേനിയ ഒരിക്കല്‍ കൂടി യൂറോപ്പിലെ വന്‍ശക്തികളിലൊന്നിനെ വിറപ്പിക്കുന്ന കാഴ്ച. ഇനി മരണ ഗ്രൂപ്പിലെ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ പോലും ക്രൊയേഷ്യ വിയര്‍ക്കും.