പാരീസ് ഒളിമ്പിക്സിൽ അടുത്തിടപഴകാനുള്ള നിരോധനം നീക്കി; മൂന്ന് ലക്ഷം കോണ്ടം ലഭ്യമാക്കും
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്
2024ലെ പാരീസ് ഒളിമ്പിക്സിൽ അടുത്തിടപഴകാനുള്ള നിരോധനം നീക്കിയതായി ഒളിമ്പിക് വില്ലേജ് ഡയറക്ടർ ലോറന്റ് മിച്ചൗഡ് പറഞ്ഞു. ഒളിമ്പിക്സിനെത്തുന്നവർക്കായി 300,000 കോണ്ടം ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.
അത്‌ലറ്റുകൾക്ക് ആവേശവും സുഖകരവും തോന്നുന്ന ചില സ്ഥലങ്ങൾ സൃഷ്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം, ഒളിമ്പിക്സ് വില്ലേജിൽ ഷാംപെയ്ൻ ലഭ്യമാകില്ല. പക്ഷേ, പാരീസിലെ മറ്റിടങ്ങളിൽ ഷാംപെയ്ൻ ലഭിക്കും.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണവും ഇവിടെ ഒരുക്കും. ഫ്രഞ്ച് വിഭവങ്ങളായിരിക്കും ഇതിൽ പ്രധാനപ്പെട്ടതെന്നും ലോറന്റ് മിച്ചൗഡ് വ്യക്തമാക്കി.
ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ഒളിമ്പിക്സാണ് പാരീസിൽ നടക്കാൻ പോകുന്നത്. ജൂലൈയിൽ ദീപശിഖ തെളിയുമ്പോഴേക്കും ഏകദേശം 2.1 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്.
കോവിഡ് കാരണം 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ലൈംഗിക ബന്ധത്തിന് നിരോധനം ഉണ്ടായിരുന്നു. രോഗം പടരുന്നത് തടയാൻ മറ്റുള്ളവരിൽ നിന്ന് ആറര അടി അകലം പാലിക്കാനായിരുന്നു നിർദേശം.
അതേസമയം, മുൻകാലങ്ങളിലും ഒളിമ്പിക്സിൽ കോണ്ടം വിതരണം ചെയ്യാറുണ്ട്. 1988-ലെ സിയോൾ ഒളിമ്പിക്‌സ് മുതൽ എച്ച്.ഐ.വി, എയ്ഡ്‌സ് എന്നിവയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനാണ് ഇതിന്റെ വിതരണം തുടങ്ങിയത്. 2020 ഒളിമ്പിക്സിലും 150,000 കോണ്ടം കൈമാറിയിരുന്നു.