കമ്മിൻസ് ബാക്കി ഐപിഎൽ മത്സരങ്ങളിൽ കളിക്കില്ല
മറ്റ് ഓസീസ് താരങ്ങളും സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാനിടയില്ലെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഓസീസ് പേസർ പാറ്റ് കമ്മിൻസ് ഐപിഎൽ 2021ന്റെ റണ്ടാം ഘട്ടത്തിനെത്തില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയായ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ പത്രമായ 'സിഡ്‌നി മോണിങ് ഹെറാൾഡ്' റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബറിൽ യുഎഇയിൽ വച്ച് ടൂർണമെന്റ് പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ യോഗം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മിക്ക ടീമുകളുടെയും തുറുപ്പുചീട്ടുകളായ താരങ്ങൾ കളിക്കാനെത്തുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നത്. നേരത്തെ നിശ്ചയിച്ച രാജ്യാന്തര മത്സരങ്ങളുള്ളതിനാൽ തങ്ങളുടെ താരങ്ങൾ ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കമ്മിൻസിനു പുറമെ മറ്റ് ഓസീസ് താരങ്ങളും ടൂർണമെന്റിനെത്തില്ലെന്നാണ് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ടി20 ലോകകപ്പ് മുന്നിൽകണ്ട് താരങ്ങളുടെ മാനസികാരോഗ്യത്തിനു മുൻഗണന കൊടുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ദീർഘകാലത്തെ ബയോബബിൾ ജീവിതം താരങ്ങളെ മാനസികമായി തളർത്തുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഓസീസ് ക്രിക്കറ്റ് അധികൃതർ ഭയക്കുന്നത്.
ഇതിനു പുറമെ ഈ വർഷം അവസാനത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പിനു മുന്നോടിയായി ജൂൺ മുതൽ വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിർണായകമായ ആഷസ് പരമ്പരയും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മാസം നിർത്തിവച്ച ഐപിഎല്ലിൽ താരങ്ങൾ, പരിശീലകർ, കമന്റേറ്റർമാർ, അംപയർമാർ അടക്കം 40ഓളം ഓസ്‌ട്രേലിയക്കാർ പങ്കെടുത്തിരുന്നു.