സഞ്ജുവിന്‍റെ രാജസ്ഥാനില്ല; ഐ.പി.എൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് ഹർഭജൻ
പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്.
ഐ.പി.എൽ പകുതിയോട് അടുക്കുമ്പോൾ പ്ലേ ഓഫിലക്ക് ആരൊക്കെ മാർച്ച് ചെയ്യുമെന്ന് ഇനിയും പറയാനായിട്ടില്ല. ഏഴോളം ടീമുകൾക്ക് പ്ലേ ഓഫ് പ്രവേശത്തിന് ഒരേ സാധ്യതയാണുള്ളത്. പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. 11 പോയിന്റ് വീതം നേടി ലഖ്‌നൗവും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാല് ടീമുകൾക്ക് 10 പോയിന്റ് വീതമുണ്ട്. രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്‌സ് എന്നിവരാണ് ആ ടീമുകൾ.
അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ ഈ ടീമുകളുടെ ജയപരാജയങ്ങൾക്ക് അനുസരിച്ചിരിക്കും ഇനി പ്ലേ ഓഫ് പ്രവേശം. ഇപ്പോഴിതാ പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്. നിലവിലെ ഐ.പി.എൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ്, വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മഹന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ്. ഈ നാല് ടീമുകളാണ് ഹർഭജന്റെ സാധ്യതാ പട്ടികയിലുള്ളത്. നിലവിലെ റണ്ണറപ്പുകളായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ പ്രവേശിക്കില്ലെന്നാണ് ഹർഭജന്റെ പക്ഷം.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ രണ്ട് തവണയും പ്ലേ ഓഫിൽ കടക്കാനായിട്ടില്ല. ഇക്കുറി മികച്ച ഫോമിൽ കളിക്കുന്ന ടീം പ്ലേ ഓഫിന് യോഗ്യത നേടുമെന്നുറപ്പിക്കുകയാണ് ഹർഭജൻ