ഇശാന്തിന്റെ തീപ്പന്തിൽ കുറ്റി തെറിച്ചു; കയ്യടിച്ച് റസൽ, വീഡിയോ വൈറൽ

അവിശ്വസനീയനമായി ഇശാന്തിനെ ഒരു തവണ നോക്കിയ റസൽ താരത്തെ കയ്യടിച്ച് അഭിനന്ദിച്ചാണ് ഗ്രൗണ്ട് വിട്ടത്

Update: 2024-04-04 03:27 GMT
Advertising

വിശാഖപട്ടണം: കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ 106 റൺസിന്റെ പടുകൂറ്റൻ വിജയമാണ് കൊൽക്കത്ത കുറിച്ചത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 272 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡെൽഹിക്ക് 166 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കളിയിൽ തോറ്റെങ്കിലും ചില മനോഹര മുഹൂർത്തങ്ങൾ ഡൽഹി താരങ്ങൾ ആരാധകർക്ക് സമ്മാനിച്ചു. അതിലൊന്നായിരുന്നു മുൻ ഇന്ത്യൻ താരം ഇശാന്ത് ശർമയുടെ തീപ്പന്ത്.

കളിയിൽ വെറും മൂന്നോവറിൽ 43 റൺസ് വഴങ്ങിയ ഇശാന്ത് ആവോളം തല്ല് വാങ്ങിക്കൂട്ടി. എന്നാൽ 20ാം ഓവറിൽ ഇശാന്തെറിഞ്ഞ ആദ്യ പന്ത് ഐ.പി.എൽ ചരിത്രത്തിലാണ് ഇടംപിടിച്ചത്. ഇശാന്ത് അവസാന ഓവർ എറിയാനെത്തുമ്പോൾ ക്രീസിൽ തകർപ്പൻ ഫോമിൽ നിൽക്കുന്ന ആന്ദ്രേ റസൽ. ഇശാന്തിന്റെ പന്ത് 144 കിലോമീറ്റർ വേഗതയിൽ പാഞ്ഞു. ആ യോർക്കർ ഒന്ന് തൊടാൻ പോലും കഴിയാതിരുന്ന റസൽ മൈതാനത്ത് അടിപതറി വീണു. പന്ത് സ്റ്റമ്പ് തെറിപ്പിച്ചു കടന്നു പോയി. അവിശ്വസനീയനമായി ഇശാന്തിനെ ഒരു തവണ നോക്കിയ റസൽ താരത്തെ കയ്യടിച്ച് അഭിനന്ദിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊല്‍ക്കത്തക്കെതിരെ മറുപടി ബാറ്റിങ്ങില്‍  25 പന്തിൽ 55 റൺസെടുത്ത ഋഷഭ് പന്തും 32 പന്തിൽ 54 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ​മാത്രമാണ് ഡൽഹിക്കായി ചെറുത്തുനിന്നത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തി വൈഭവ് അറോറ എന്നിവർ 3 വീതവും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും വീഴ്ത്തി. കളിച്ച 3 മത്സരങ്ങളും വിജയിച്ച കൊൽക്കത്ത കൂറ്റൻ ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ നാലുമത്സരങ്ങളിൽ നിന്നും ഡൽഹിയുടെ മൂന്നാം തോൽവിയാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് കുറിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് തീർത്ത 277 റൺസിന്റെ റെ​ക്കോർഡ് ഒരുവേള വീഴുമെന്ന് തോന്നിയെങ്കിലും അവസാന ഓവറെറിഞ്ഞ ഇശാന്ത് ശർമ കൊൽക്കത്ത ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. സുനിൽ നരേൻ (39 പന്തിൽ 85), അങ്ക്രിഷ് രഘുവൻശി (27 പന്തിൽ 54), ആന്ദ്രേ റസൽ (19 പന്തിൽ 41), റിങ്കുസിങ് (8പന്തിൽ 26) എന്നിവരുടെ മികവിലാണ് കൊൽക്കത്തയുടെ സ്കോർ പാഞ്ഞുകയറിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News