തോറ്റാലെന്താ... തലയയുയര്‍ത്തി മടങ്ങാന്‍ നമുക്ക് ഇനിയുമുണ്ട് കാരണങ്ങള്‍

തല്ലാന്‍‌ പറഞ്ഞാല്‍ കൊന്നിട്ടുവരുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റിയ പരിശീലകന്‍ മുതല്‍ കെട്ടുറപ്പുള്ള 'വിദേശ കൂട്ടുകെട്ട്' വരെ...

Update: 2022-03-22 13:22 GMT
Advertising

മൂന്നാം തവണയും കപ്പിനും ചുണ്ടിനുമിയില്‍ കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് പക്ഷേ ഇത്തവണ മടങ്ങുന്നത് തലയുയര്‍ത്തി തന്നെയാകും. കാരണം, ഇതിനുമുമ്പ് ഐ.എസ്.എല്ലിൽ ഏഴ് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പന്തു തട്ടിയുണ്ട്. രണ്ട് തവണ ഐസ്.എസ്. എൽ കലാശപ്പോരിന് യോഗ്യത നേടിയിട്ടുമുണ്ട്. എന്നാൽ ആരാധകരുടെ കണ്ണും മനസും കുളിര്‍പ്പിച്ച് ഇത്രയും മനോഹരമായി കൊമ്പന്മാര്‍ പന്തുകൊണ്ട് മാജിക് കാണിച്ച ഒരു സീസൺ മുമ്പൊന്നും വേറെയുണ്ടായിട്ടില്ല.

ഐ.എസ്.എൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും പറയുന്നത് 'ഇട്ടിട്ടു പോകില്ല' എന്നുതന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് ഞങ്ങൾക്ക് വെറുമൊരു ടീമല്ല, വികാരമാണ് എന്ന പോസ്റ്ററുകളാണ് ഗാലറിയില്‍ ആകെ നിറഞ്ഞത്.

ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽ കളിച്ച ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഏറ്റവും പിന്നിലായിപ്പോയ സംഘം. ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നിടത്ത് നിന്നായിരുന്നു ഇത്തവണ തുടക്കം. ആദ്യ കളിയിൽ തന്നെ തോറ്റു. അവിടെ നിന്നും ഒരു സീസണിലെ ഏറ്റവും കൂടുതൽ ജയത്തിന്‍റെ എണ്ണപ്പെരുക്കത്തിലേക്ക് ബ്ലാസ്റ്റേഴ്സ് വഴിവെട്ടി. മുൻ സീസണുകളിൽ ഗോൾ വാങ്ങിക്കൂട്ടി എങ്കിൽ ഇത്തവണ തുടരെ ഗോളടിച്ച് ആരാധകരെ ആനന്ദിപ്പിച്ചു. സഹലെന്ന താരം പ്രതിഭയോട് നീതിപുലർത്തുന്ന തലത്തിലേക്ക്. യൂറോപ്യൻ ഫുട്ബോളിൽ കണ്ടുകൊതിച്ച അതിവേഗവും വൺടച്ചുകളും ബ്ലാസ്റ്റേഴ്സും കളിച്ചു. സ്വന്തം പകുതിയിൽ നിന്ന് എതിർവല കുലുക്കിയ അത്ഭുത ഗോളുകൾ പിറന്നു.

തോറ്റാലും തലയുയര്‍ത്തി മടങ്ങാന്‍ ബ്ലാസ്റ്റേഴ്സിന് ഇനിയും കാരണങ്ങളുണ്ട്...


തല്ലാന്‍‌ പറഞ്ഞാല്‍ കൊന്നിട്ടുവരുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റിയ പരിശീലകന്‍




ഇവാന്‍ വുക്മ്നോവിച്ച്... അടുത്ത കാലത്തൊന്നും കാണാന്‍ കഴിയാത്തത്രയും ഒത്തിണക്കത്തിൽ ആക്രമണോത്സുക ഫുട്‌ബോൾ കളിച്ച് എതിർ ടീമിൻറെ പ്രതിരോധ നിരയെ നിരന്തരം കീറിമുറിക്കുന്ന മനോഹര കാഴ്ചകൾ... രണ്ട് തവണ കലാശപ്പോരിലെത്തി വീണുപോയതിൽപ്പിന്നെ 'കലിപ്പടക്കണം കപ്പടിക്കണം' എന്ന മുദ്രാവാക്യം വിളിയല്ലാതെ കളിക്കളത്തിൽ കാര്യമായ അടയാളപ്പെടുത്തലുകളൊന്നും നടത്താൻ കഴിയാതെ പോയ ടീം. പലപ്പോഴും പ്രതിരോധത്തിലൂന്നി കളിച്ച് തോൽവിയും സമനിലയും വഴങ്ങി സെമി പോലും കാണാതെ പുറത്തായിരുന്ന ടീം.. കഴിഞ്ഞ സീസണിൽ വെറും മൂന്ന് ജയവും ഒൻപത് തോൽവിയുമായി പത്താം സ്ഥാനം കൊണ്ട് തലകുനിച്ച് മടങ്ങിയ ടീം.

അങ്ങനൊയൊരു ടീമിനെയാണ് പുൽമൈതാനിക്ക് മുകളിൽ ചിറകുവിരിച്ചു നിൽക്കുന്ന ഇവാൻ വുക്മനോമോവിച്ച് എന്ന ഫാൽക്കൺ പക്ഷി തണൽ നൽകി വളർത്താൻ തയ്യാറായത്. എഴുതിത്തള്ളിയവരെക്കൊണ്ട് ഈ കളിക്കൂട്ടത്തെ പുലിക്കുട്ടികൾ എന്ന് തന്നെ വിളിപ്പിച്ചു പരിശീലകന്‍. കലാശപ്പോരില്‍ കാലിടറിയെങ്കിലെന്താ... ഇത്രയും മികച്ച ഒരു ടീമിനെ ആരാധകര്‍ക്ക് തന്നത് അയാളാണ്. ആക്രമണം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഈ ടീമിനെ പറഞ്ഞു പഠിപ്പിച്ചതിന്.. ആരാധകർ സ്വപ്നം കണ്ട ബ്ലാസ്റ്റേഴ്‌സിനെ തിരികെ തന്നതിന്.

ഐ.എസ്.എല്ലിൽ എട്ട് സീസണുകളിലായി 11 വ്യത്യസ്ത പരിശീലകരെ പരീക്ഷിച്ച ഏക ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പീറ്റർ ടെയ്‌ലർ, സ്റ്റീവ് കോപ്പൽ, ഡേവിഡ് ജെയിംസ്, റെനെ മ്യൂലൻസ്‌റ്റീൻ തുടങ്ങിയ വലിയ പേരുകാര്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നെങ്കിലും സ്ഥിരതയെന്ന ഘടകം കൊണ്ടുവരുന്നതില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീകസ്ഥാനത്തേക്കെത്തിയ ഇവാൻ വുകൊമാനോവിച്ചിന്‍റെ പരിശീലക മികവ് ഏറെ ശ്രദ്ധ നേടി. സീസണിലുടനീളം ഈ സെർബിയൻ പരിശീകന്‍ തന്‍റെ തന്ത്രങ്ങൾ കളിക്കടത്തില്‍ നടപ്പാക്കി. അങ്ങനെ ഏറ്റവും ഒത്തിണക്കമുള്ള ഒരു കളിക്കൂട്ടമാക്കി ഇവാൻ വുക്മനോമോവിച്ച് ബ്ലാസ്റ്റേഴ്സ് എന്ന് ടീമിനെ മാറ്റി.


ഗോള്‍ വല കാത്ത ഗില്‍ എന്ന മാലാഖ

പകരക്കാരനായെത്തി സീസണ്‍ മുഴുവന്‍ കളിച്ച് ഒടുവില്‍ ഗോള്‍ഡന്‍ ഗ്ലൗവുമായി മടങ്ങുക... ഒരു 21 കാരന്‍ ഗോള്‍കീപ്പറെ സംബന്ധിച്ച് മറ്റെന്തുവേണം. ഫൈനലിലെ തോല്‍വിയുടെ നിരാശയൊഴിച്ചാല്‍ പ്രഭ്സുഖാൻ ഗില്ലെന്ന ഗോള്‍കീപ്പര്‍ അക്ഷരാര്‍ഥത്തില്‍ കൊമ്പന്മാരുടെ കാവല്‍‌ മാലാഖയായിരുന്നു.

അര്‍ഹിച്ച അംഗീകാരം തന്നെയാണ് ഐ.എസ്.എൽ എട്ടാം സീസണിലെഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഗില്ലിനെ തേടിയെത്തിയത്. പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവൽക്കാരനായി മാറുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഗില്‍.

ഫൈനലിലെ ഷൂട്ടൗട്ടിൽ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിക്കാന്‍ ഗില്ലിനായി. ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിന് മുന്നിൽ നെഞ്ചുറപ്പോടെ നിന്ന കാവൽക്കാരനാണ് പ്രഭ്സുഖാൻ ഗില്ലെന്ന് പറയുന്നത് വെറും വാക്കല്ലെന്നതിന് ഫൈനലിലേതടക്കം നിരവധി നിമിഷങ്ങൾ സാക്ഷിയാണ്. ഫൈനലില്‍ ജാവിയർ സിവേറിയോയുടെ തട്ടുതകർപ്പൻ ഹെഡ്ഡർ നെഞ്ച് വിരിച്ചായിരുന്നു ഗിൽ തിരിച്ചയച്ചത്. 49ാം മിനുട്ടിൽ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ തൊടുത്തുവിട്ട ലോംഗ് റേഞ്ചർ നീളത്തിൽ ചാടി ഗിൽ രക്ഷപ്പെടുത്തിയ കാഴ്ചയും അതിമനോഹരമായിരുന്നു. ഇങ്ങനെ ടൂർണമെൻറിലുടനീളം ടീമിന്റെ വലയിലേക്കെത്തുമായിരുന്നു തീയുണ്ടകൾ തട്ടിമാറ്റിയ ഗിൽ ഈ ഐ.എസ്.എല്‍ സീസണിന്‍ കണ്ടെത്തല്‍ കൂടിയാണ്.


പ്രതിഭാസമ്പന്നരായ ഇന്ത്യന്‍‌ യുവനിര



ഹോർമിപാം റൂയിവ, ആയുഷ് അധികാരി, ഗിവ്‌സൺ, ജീക്‌സൺ സിംഗ്, സഞ്ജീവ് സ്റ്റാലിൻ, പ്രഭ്‌സുഖൻ ഗിൽ, രാഹുൽ കെ.പി... പ്രതിഭാധനരായ ഇന്ത്യന്‍ താരങ്ങളെ എല്ലാ പൊസിഷനുകളിലേക്കും കണ്ടെത്തിയതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഈ സീസണിന്‍റെ ബാക്കിയിരിപ്പ്.

വിദേശ തോക്കുകള്‍ക്കൊപ്പം അവരോട് കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് വിവിധ പൊസിഷനുകളില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ പുറത്തെടുത്തത്..

ജെക്‌സണും ഹോർമിപാമിനും യഥാക്രമം 1476 മിനിറ്റും 1004 മിനിറ്റും കളിക്കളത്തില്‍ ചെലവഴിക്കാനായി. യുവ താരങ്ങള്‍ക്ക് പരിശീലകന്‍ എത്രത്തോളം സമയം നൽകിയെന്നതിന് തെളിവാണിത്. ഇന്ത്യന്‍ യുവ താരങ്ങളെ കാര്യമായി ഉപയോഗിക്കാന്‍ പറ്റിയെന്നതാണ് ഈ ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സ് നടപ്പാക്കിയ വിജയ തന്ത്രങ്ങളിലൊന്ന്.

ഗോളടിയില്‍ സ്ഥിരത പുലര്‍ത്തിയ മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുല്‍ സമദ്



മൂന്ന് സീസണുകളിലായി  31 മത്സരങ്ങളില്‍ ബൂട്ടുകെട്ടി ഒരു ഗോള്‍ മാത്രം സ്കോര്‍ ചെയ്യാനായ 24 കാരന്‍ സഹലിന് ഈ സീണണ്‍ ഗോളടിയുടെ പരിശീലനക്കളരിയായിരുന്നു. 

സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ ഉയർന്നുവന്ന ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് സഹൽ അബ്ദുൾ സമദ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ സഹലിന് ഒന്നിലധികം പൊസിഷനുകളിൽ കളിക്കാനുള്ള മികവുണ്ട്. ഡ്രിബ്ലിംഗിലും പാസിങ്ങിലുമെല്ലാം സഹലിന്‍റെ പ്രകടനം അതിഗംഭീരമായിരുന്നു.

സ്ഥിരത പുലർത്തുന്നില്ല എന്നതായിരുന്നു ഈ സീസണിന് മുമ്പ് സഹലിന് നേരെ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വിമര്‍ശനം. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിച്ച് സഹലിന്‍റെ ബൂട്ട് ഇത്തവണ തീ തുപ്പി. 2018-19, 2019-20, 2020-21 സീസണുകളിലായി മലയാളി താരം 31 മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും ഗോള്‍ സ്കോറിങ്ങില്‍ പരാജയമായിരുന്നു. ഒരു ഗോളും അഞ്ച് അസിസ്റ്റുകളും മാത്രമായിരുന്നു താരത്തിന്‍റെ മുന്‍ സീസണുകളിലെ സമ്പാദ്യം.

എന്നാല്‍ ഈ സീസണില്‍ സഹലിന്‍റെ അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 21 മത്സരങ്ങൾ കളിച്ച സഹല്‍ 1543 മിനിറ്റാണ് ഗ്രൗണ്ടില്‍ ചെലവഴിച്ചത്. സെമിയിലെ വിജയഗോളടക്കം ആറ് ഗോളും ഒരു അസിസ്റ്റുമായി സഹല്‍ നിറഞ്ഞുനിന്നു. സ്ഥിരത കൈവരിച്ച സഹലിന്‍റെ പ്രകടനവും കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടമാണ്

കെട്ടുറപ്പുള്ള 'വിദേശ കൂട്ടുകെട്ട്'



കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മികച്ച പ്രകടനം നടത്തിയതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അവരുടെ വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്. നിലവാരമുള്ള വിദേശ കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ ടീം മാനേജ്‌മെന്റും കോച്ചും ഇവാൻ വുക്മനോവിച്ചും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയെന്നത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലാസ്റ്റേഴ്സിനില്ലാതെ പോയതും വിദേശ താരങ്ങുടെ ഒത്തിണക്കമായിരുന്നു.

ടീമിലെ ആറ് വിദേശ താരങ്ങളിൽ ജോർജ് ഡയസ്, അൽവാരോ വാസ്‌ക്വസ്, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ എന്നിവര്‍ ഒട്ടുമിക്ക എല്ലാ മത്സരങ്ങളിലും ഒരുമിച്ച് കളത്തിലിറങ്ങി. സീസണിൽ ഡയസും വാസ്‌ക്വസും എട്ട് ഗോളുകൾ വീതം നേടിയപ്പോൾ ലൂണ ആറ് തവണ ഗോൾ കണ്ടെത്തി. ഏഴ് അസിസ്റ്റുകളും ബ്ലാസ്റ്റേഴ്സിന്‍റെ നായകന്‍ ടീമിന് സംഭവാന നൽകി, ഈ സീസണിൽ ലീഗിൽ ഒത്തിണക്കത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു എന്ന് നിസംശയം പറയാം.

പ്രതിരോധനിരയിലേക്ക് നോക്കുകയാണെങ്കില്‍ മാർക്കോ ലെസ്‌കോവിച്ച് പാറപോലെ പിന്നിൽ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കേരളത്തിന്‍റെ ഡിഫന്‍സ് ലീഗ് ഘട്ടത്തിൽ 24 ഗോളുകൾ മാത്രമാണ് വഴങ്ങിയത്, ജംഷഡ്പൂരിനും ഹൈദരാബാദിനും പുറകില്‍ ലീഗിലെ തന്നെ മികച്ച പ്രതിരോധ കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സിന്‍റേതായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News