സെഞ്ച്വറി നേടാതെ 951 ദിവസങ്ങൾ; തൊട്ടതെല്ലാം പിഴച്ച് വിരാട് കോഹ്‌ലി

തന്റെ തന്നെ സമ്പന്നമായ കരിയർ റെക്കോർഡുകളാണ് കോഹ്‌ലിയെ ഇപ്പോൾ തുറിച്ചു നോക്കുന്നത്.

Update: 2022-07-01 17:50 GMT
Editor : Nidhin | By : Web Desk
Advertising

ഒരിക്കൽ കൂടി ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകൻ തന്റെ കഴിവുകളുടെ നിഴൽ പോലും പ്രകടിപ്പിക്കാതെ പവലിയനിലേക്ക് തിരികെ നടന്നു.

ഇംഗ്ലണ്ടിനെതിരായ എംബാഡ്ജസ്റ്റൺ ടെസ്റ്റിൽ മാറ്റ് പോട്‌സിന്റെ പന്തിൽ ക്ലീൻ ബൗൾഡായി 11 റൺസുമായി കോഹ്‌ലി പവലിയിനെത്തുമ്പോൾ കൃത്യമായി പറഞ്ഞാൽ 951 ദിവസങ്ങളായി നിലവിലെ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് ഒരു അന്താരാഷ്ട്ര സെഞ്ച്വറി പിറന്നിട്ട്. അവസാനമായി 2019 ൽ ബംഗ്ലാദേശിനെതിരെയാണ് കോഹ്‌ലി ഒരു അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ഇക്കാലയളവിൽ വിരാടിന്റെ കരിയർ ശരാശരി 50 ലും താഴേക്കും വന്നു. അതേസമയം ഇക്കാലയളവിൽ 18 ടെസ്റ്റ് കളിച്ച കോഹ്‌ലിക്ക് 6 അർധ സെഞ്ച്വറികൾ നേടാനായിട്ടുണ്ട്. എന്നിരുന്നാലും തന്റെ തന്നെ സമ്പന്നമായ കരിയർ റെക്കോർഡുകളാണ് കോഹ്‌ലിയെ ഇപ്പോൾ തുറിച്ചു നോക്കുന്നത്. അതിനോട് നീതി പുലർത്താനെങ്കിലും കോഹ്‌ലിക്ക് തിരിച്ചുവന്നേ മതിയാകൂ.

എഡ്ബാജസ്റ്റൺ ടെസ്റ്റിൽ മുൻനിര തകർന്നപ്പോൾ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും കരുത്തിലാണ് ഇന്ത്യ ഇന്നിങ്‌സ് പടുത്തുയർത്തിയത്.

വെള്ളക്കുപ്പായത്തിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 111 പന്തിൽ 146 നേടി റൂട്ടിന്റെ പന്തിൽ സാക്ക് ക്രൗളിക്ക് ക്യാച്ച് നൽകി മടങ്ങി. മറു വശത്ത് രവീന്ദ്ര ജഡേജ 152 പന്തിൽ 70 റൺസ് നേടി പോരാട്ടം തുടരുന്നുണ്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന നിലയിലാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ.

തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ നിരക്ക് 6.2 ഓവറിൽ തന്നെ ഓപ്പണറായ ശുബ്മാൻ ഗില്ലിനെ നഷ്ടമായി. 24 പന്തിൽ 17 റൺസ് നേടിയ ഗിൽ ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ സാക്ക് ക്രൗളിക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ ശൈലിയിൽ പതുക്കെ കളിച്ച ചേതേശ്വർ പൂജാരയേയും ആൻഡേഴ്സൺ തന്നെ മടക്കി. 13 റൺസ് മാത്രം നേടിയ പൂജാരയുടേയും ക്യാച്ച് സാക്ക് ക്രൗളിക്ക് തന്നെയായിരുന്നു. ഇതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം നേരത്തെ ചായക്ക് പിരിഞ്ഞു. മണിക്കൂറുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോഴും ഇന്ത്യൻ തകർച്ച തുടർന്നു. മാറ്റി പോട്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി 20 റൺസ് നേടിയ ഹനുമ വിഹാരിയാണ് ആദ്യം മടങ്ങിയത്.

പിന്നെ മുഴുവൻ കണ്ണുകളും ശ്രദ്ധിച്ചത് വിരാട് കോഹ്ലിയുടെ ബാറ്റിലേക്കായിരുന്നു. പക്ഷേ മാറ്റി പോട്സിന്റെ പന്തിൽ ക്ലീൻ ബൗൾഡായി കോഹ്ലി (11 റൺസ്)യും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. മൂന്നോവറുകൾക്ക് അപ്പുറം ശ്രേയസ് അയ്യറെ (15 റൺസ്, ക്യാച്ച്-ബില്ലിങ്സ്) ആൻഡേഴ്സൺ വീഴ്ത്തിയതോടെ സ്‌കോർ മൂന്നക്കം കടക്കും മുമ്പ് ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ചു പേർ കൂടാരം കയറിയിരുന്നു.

മുൻനിര തകർന്നതോടെ ഇന്ത്യൻ ആരാധകർ ദുരന്തം പ്രതീക്ഷിച്ചിരിക്കെയാണ് പന്തും ജഡേജയും ഒന്നിച്ചത്. പിന്നീട് ഇംഗ്ലണ്ട് ബോളിങിനെ പന്ത് തലങ്ങും വിലങ്ങും പ്രഹരിച്ചു. ജഡേജ മോശം പന്തുകളെ തലോടി വിട്ടു. സ്‌കോർ 98 ൽ നിൽക്കവേ ഒന്നിച്ച ഇരുവരുടെയും കൂട്ടുക്കെട്ട് സ്‌കോർ 320 ൽ എത്തിച്ചാണ് അവസാനിച്ചത്. പിന്നാലെ വന്ന ശാർദുൽ താക്കൂർ ഒരു റൺസുമായി സ്റ്റോക്ക്‌സിന് വിക്കറ്റ് നൽകി മടങ്ങി. നിലവിൽ ജഡേജയോടൊപ്പം ഷമിയാണ് ക്രീസിൽ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News