പ്രായം 13, സ്‌കേറ്റ്‌ബോർഡ് ചാംപ്യൻ; ടോക്യോയിൽ ചരിത്രമെഴുതി മോമിജി നിഷിയ

ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ സ്ട്രീറ്റ് സ്‌കേറ്റ്‌ബോർഡ് മത്സരത്തിലാണ് ജാപ്പനീസ് താരം മോമിജി നിഷിയ സ്വർണ മെഡല്‍ നേടിയത്. ഇതോടെ ഒളിംപിക്‌സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി 13കാരി

Update: 2021-07-26 13:44 GMT
Editor : Shaheer | By : Web Desk
Advertising

ജപ്പാനുകാരിയായ മോമിജി നിഷിയയ്ക്ക് പ്രായം വെറും 13. ലോകം മുഴുവൻ ഇപ്പോൾ നിഷിയയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്. കാരണം മറ്റൊന്നുമല്ല, ടോക്യോ ഒളിംപിക്‌സിൽ സ്ട്രീറ്റ് സ്‌കേറ്റ്‌ബോർഡിങ്ങിൽ തന്നെക്കാൾ പ്രായംകൂടിയ ലോകതാരങ്ങളെ മുഴുവൻ പിന്നിലാക്കി സ്വർണം നേടിയിരിക്കുന്നു ഈ കൊച്ചുമിടുക്കി.

ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ വനിതാ വിഭാഗം സ്ട്രീറ്റ് സ്‌കേറ്റിങ് ചാംപ്യനെന്ന റെക്കോര്‍ഡാണ് നിഷിയ സ്വന്തം പേരിലാക്കിയിരിക്കുന്നത്. പുരുഷ വിഭാഗത്തിൽ യൂതോ ഹോറിഗോം മെഡൽ നേട്ടത്തിനു പിറകെയാണ് നിഷിയ കൂടി ആതിഥേയർക്ക് സ്വർണം നേടിക്കൊടുത്തത്.

15.26 സ്‌കോർ നേടിയാണ് മോമിജി നിഷിയ സ്വർണത്തിൽ മുത്തമിട്ടത്. ഒളിംപിക്‌സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെയാളെന്ന ബഹുമതിയും ഇനി നിഷിയയ്ക്ക് സ്വന്തമാണ്. യുഎസ് ഡൈവർ മർജോരി ഗെസ്ട്രിങ് ആണ് നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡലിസ്റ്റ്. 1936ലെ ബെർലിൻ ഗെയിംസിൽ ഡൈവിങ്ങിൽ സ്വർണ മെഡലണിയുമ്പോൾ 13 വയസും 268 ദിവസവുമായിരുന്നു ഗെസ്ട്രിങ്ങിന്റെ പ്രായം.

സ്ട്രീറ്റ് സ്‌കേറ്റ്‌ബോർഡിൽ നിഷിയയ്ക്കു തൊട്ടുപിറകിലുള്ളവരും പ്രായത്തിൽ 13കാരിക്കൊപ്പം തന്നെയുണ്ടെന്നതും കൗതുകമായി. ബ്രസീലിന്റെ റയ്‌സ ലീൽ(13 വയസ്), ജപ്പാന്റെ തന്നെ ഫുന നകയാമ(16) എന്നിവരാണ് യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടിയത്. 13 വയസും 330 ദിവസവുമാണ് നിഷിയയുടെ പ്രായമെങ്കിൽ റയ്‌സയ്ക്കു പ്രായം 13 വയസും 203 ദിവസവുമാണ്. ഒളിംപിക് മെഡൽ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് തലനാരിഴയ്ക്കാണ് റയ്‌സയ്ക്ക് നഷ്ടപ്പെട്ടത്.


സ്‌കേറ്റ്‌ബോർഡിങ്ങിനൊപ്പം മറ്റ് മൂന്ന് കായിക ഇനങ്ങൾ കൂടി ഇത്തവണ ഒളിംപിക്‌സിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. സർഫിങ്, സ്‌പോർട്ട് ക്ലൈമ്പിങ്, കരാട്ടെ എന്നിവയാണ് മറ്റിനങ്ങൾ. ഒളിംപിക്‌സിനെ കൂടുതൽ ചെറുപ്പക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇനങ്ങൾ ഒളിംപിക്‌സ് ഇനങ്ങളിൽ ഉൾപ്പെടുത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News