അമ്പമ്പോ ഉനദ്കട്ട്! രഞ്ജിയില്‍ ആദ്യ ഓവറില്‍ ഹാട്രിക്; റെക്കോര്‍ഡ്

ഒരു രഞ്ജി മത്സരത്തിന്‍റെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സൌരാഷ്ട്ര നായകന്‍ കൂടിയായ ജയദേവ് ഉനദ്കട്ട് സ്വന്തമാക്കിയത്.

Update: 2023-01-03 11:00 GMT
Advertising

രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി ജയദേവ് ഉനദ്കട്ട്. ഒരു രഞ്ജി മത്സരത്തിന്‍റെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സൌരാഷ്ട്ര നായകന്‍ കൂടിയായ ജയദേവ് ഉനദ്കട്ട് സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരായ മത്സരത്തിലാണ് താരത്തിന്‍റെ റെക്കോര്‍ഡ് നേട്ടം. 12 ഓവറില്‍ 39 റണ്‍സ് വഴങ്ങി ഹാട്രിക് ഉള്‍പ്പെടെ എട്ട് വിക്കറ്റുകളാണ് ഉനദ്കട്ട് പിഴുതെറിഞ്ഞത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായതിന്‍റെ ആത്മവിശ്വാസം കൂടിയാണ് ഉനദ്ക്കട്ട് രഞ്ജി ട്രോഫിയില്‍ പുറത്തെടുത്ത്. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയതിന് ശേഷം ഈ വര്‍ഷം ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഉനദ്കട്ടിന് ടീമിലേക്ക് വീണ്ടും വിളിയെത്തുന്നത്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും മൂന്ന് വിക്കറ്റുമായി ഉനദ്കട്ട് ഗംഭീരമാക്കിയിരുന്നു.


ഉനദ്കട്ടിന്‍റെ മിന്നും പ്രകടനത്തില്‍ പകച്ചുപോയ ഡല്‍ഹി ടീം കണ്ണടച്ചുതുറക്കും മുന്‍പേ ഓള്‍ ഔട്ടായി. 133 റണ്‍സെടുക്കുമ്പോഴേക്കും ടീമിന്‍റെ പത്താം വിക്കറ്റും നഷ്ടമായി. ഡല്‍ഹിയുടെ ആറ് ബാറ്റര്‍മാരാണ് പൂജ്യത്തിന് പുറത്തായത്. ഉനദ്കട്ട് എറിഞ്ഞ ആദ്യ രണ്ടോവറില്‍ മാത്രം വെറും രണ്ട് റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ആദ്യ ഓവറിന്‍റെ അവസാന മൂന്ന് പന്തുകകളിലായിരുന്നു ഉനദ്കട്ടിന്‍റെ ഹാട്രിക് നേട്ടം.

ദ്രുവ് ഷോറെ, വൈഭവ് റവാല്‍, യാഷ് ദുല്‍ എന്നിവരെ വീഴ്ത്തിയാണ് ഉനദ്കട്ട് രഞ്ജിയിലെ ആദ്യ 'ഫസ്റ്റ് ഓവര്‍ ഹാട്രിക്' സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ്, കുല്‍ദീപ് യാദവ്, ശിവാങ്ക് വസിഷ്ഠ് എന്നിവരും ഉനദ്കട്ടിന് മുന്നില്‍ വീണു.

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഓവര്‍ ഹാട്രിക് നേടുന്ന ആദ്യ താരവും ഒരിന്ത്യക്കാരനായിരുന്നു... ഇര്‍ഫാന്‍ പത്താന്‍. രഞ്ജിയില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ ബൌളറായി ഉനദ്കട്ട് കൂടി വരുന്നതോടെ ഈ രണ്ട് നേട്ടങ്ങളും ഇടങ്കയ്യന്‍ സീമര്‍മാരുടെ പേരിലാണെന്ന കൌതുകം കൂടി ചരിത്രത്തിന്‍റെ ഭാഗമാകും.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 97 മത്സരങ്ങളിൽ നിന്നും 356 വിക്കറ്റുകൾ സ്വന്തമാക്കിയ ഉനദ്കട്ടിന് പക്ഷേ ഇന്ത്യന്‍ ടീമില്‍ വിരലിലെണ്ണാവുന്ന അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. 12 വര്‍ഷങ്ങള്‍ക്കിടയില്‍ പത്ത് ടി20യും ഏഴ് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും മാത്രമാണ് ഉനദ്കട്ടിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനായത്.

ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായ ഉനദ്കട്ടിനെ ഇത്തവണ ലക്നൌ ആണ് സ്വന്തമാക്കിയിരിക്കുന്നത്. 91 മത്സരങ്ങളില്‍ നിന്നായി 8.79 റണ്‍സ് ശരാശരിയില്‍ 91 വിക്കറ്റും ഐ.പി.എല്ലില്‍ നിന്ന് താരം സ്വന്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News