ഒരു ലോകകപ്പില്‍ നിന്ന് 13 ഗോളുകള്‍; കടംവാങ്ങിയ ബൂട്ടുമിട്ടിറങ്ങി ചരിത്രം സൃഷ്ടിച്ച ജസ്റ്റ് ഫൊണ്ടൈന്‍
ആറു പതിറ്റാണ്ട് കഴിഞ്ഞു, എന്നിട്ടും അന്നത്തെ ഫ്രാന്‍സിന്‍റെ 17ാം നമ്പര്‍ ജഴ്സിയണിഞ്ഞ് 24കാരന്‍ കുറിച്ച റെക്കോര്‍ഡിന് ഇന്നിതുവരെ കോട്ടം തട്ടിയിട്ടില്ല.
ബൂട്ടുകെട്ടിയ ആദ്യ രാജ്യാന്തര മത്സരത്തില്‍തന്നെ ഹാട്രിക്, പക്ഷേ പിന്നീട് നാഷണൽ ടീമിലേക്കെത്താന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷങ്ങള്‍, നീണ്ട കാത്തിരിപ്പിന് ശേഷം അവസരം ലഭിച്ചതാകട്ടെ ഏതൊരു താരത്തിന്റെയും സ്വപ്നവേദിയായ ലോകകപ്പിനും, 1958 ഫുട്ബോള്‍ ലോകകപ്പിനായി ദേശീയ ജഴ്സിയണിയുമ്പോള്‍ ജസ്റ്റ് ഫൊണ്ടൈന്‍റെ അനുഭവസമ്പത്ത് വെറും അഞ്ചേയഞ്ച് രാജ്യാന്തര മത്സരങ്ങള്‍. പക്ഷേ, ആ ലോകകപ്പ് കഴിഞ്ഞപ്പോൾ അയാളുടെ ആ വർഷത്തെ മാത്രം കരിയർ സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു... 12 മത്സരങ്ങൾ, 18 ഗോളുകൾ
കളിച്ചത് ഒരേയൊരു ലോകകപ്പ്, തന്‍റെ അരങ്ങേറ്റ ടൂര്‍ണമെന്‍റില്‍ നിന്ന് അയാള്‍ നേടിയതാകട്ടെ 13 ഗോളുകളും. ആറു പതിറ്റാണ്ട് കഴിഞ്ഞു, എന്നിട്ടും അന്നത്തെ ഫ്രാന്‍സിന്‍റെ 17ാം നമ്പര്‍ ജഴ്സിയണിഞ്ഞ് 24കാരന്‍ കുറിച്ച റെക്കോര്‍ഡിന് ഇന്നിതുവരെ കോട്ടം തട്ടിയിട്ടില്ല. 1958 ലോകകപ്പില്‍ ഫ്രാന്‍സ് സെമിയിലെത്തിയതിന് ഒരേയൊരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ... ജസ്റ്റ് ലൂയിസ് ഫൊണ്ടൈന്‍, ലോകകപ്പ് ചരിത്രത്തിലെ ഫ്രാന്‍സിന്‍റെ പൊന്‍ താരകം, 58 ലോകകപ്പിന്‍റെ പേരില്‍ ഇന്നും അറിയപ്പെടുന്ന കാലഘട്ടത്തെ അതിജീവിക്കുന്ന ഇതിഹാസം.
ഫ്രാന്‍സിനായാണ് ഫുട്ബോള്‍ കളിച്ചതെങ്കിലും ഫൊണ്ടെയ്ന്‍ ജനിച്ചത് 1933 ഓഗസ്റ്റില്‍ മൊറോക്കോയിലായിരുന്നു.
ഡിസംബര്‍ 17, 1953, ഫ്രാന്‍സിനായി ജസ്റ്റ് ഫൊണ്ടൈന്‍ തന്റെ ആദ്യ രാജ്യന്തര മത്സരം കളിക്കുന്നത് അന്നാണ്. ഇരുപതാം വയസ്സില്‍ ദേശീയ ജഴ്സിയിൽ ആദ്യമായി ഇറങ്ങിയ ഫൊണ്ടൈന്‍ തിരിച്ചുകയറിയതാകട്ടെ ഹാട്രിക്കുമായാണ്. ലക്സംബർഗിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇരുപതുകാരന്‍റെ ഗോളടിമേളം, അന്ന് എതിരില്ലാത്ത എട്ടു ഗോളിനായിരുന്നു ഫ്രാന്‍സ് ലക്സംബര്‍ഗിനെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ത്തന്നെ ഗോളടിയിലെ മികവ് തെളിയിച്ചിട്ടും അരങ്ങേറി ആദ്യ അഞ്ച് വര്‍ഷത്തില്‍ ഫൊണ്ടൈന് ദേശീയ ടീമില്‍ അവസരം ലഭിച്ചത് ആകട്ടെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്, പിന്നീട് 1958 ലോകകപ്പ് മുന്നില്‍ക്കണ്ട് ഫൊണ്ടൈനെ വീണ്ടും ടീമിലെടുത്തു.
ലോകകപ്പ് ടീമിലേക്ക്
അങ്ങനെ 1958 ലോകകപ്പിന് തുടക്കമായി, സ്വീഡന്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ ഫ്രാന്‍സ് ആദ്യം നേരിട്ടത് പാരഗ്വായെ, ഗോള്‍ മഴ തന്നെ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഹാട്രിക് നേടിയായിരുന്നു ഫൊണ്ടൈന്‍ അന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചത്.
രണ്ടാം മത്സരം യൂഗോസ്ലോവിയയുമായി, പാരഗ്വായുമായി നിര്‍ത്തിയിടത്തുനിന്ന് തന്നെ ഫൊണ്ടൈന്‍ കളി തുടങ്ങി. മത്സരത്തിന്‍റെ നാലാം മിനുട്ടില്‍ത്തന്നെ ആദ്യ ഗോള്‍... പക്ഷേ ഫൊണ്ടൈന്‍ ഒഴികെ മറ്റാരും തിളങ്ങാതെ വന്നപ്പോള്‍ യൂഗോസ്ലോവിയ കളി പിടിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവര്‍ രണ്ട് ഗോളടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫ്രാന്‍സിനായി വീണ്ടും ഫൊണ്ടൈന്‍റെ ബൂട്ടുകള്‍ ശബ്ദിച്ചു. സമനില ഗോള്‍ പിറന്നു, പക്ഷേ കളി തീരാന്‍ രണ്ടു മിനുട്ട് മാത്രം ബാക്കിനില്‍ക്കേ യൂഗോസ്ലോവിയ വീണ്ടും ഗോളടിച്ചു, അങ്ങനെ രണ്ട് ഗോള്‍ തിരിച്ചടിച്ചിട്ടും ഫൊണ്ടൈനും സംഘത്തിനും തലകുനിച്ച് മടങ്ങേണ്ടി വന്നു.
അടുത്ത മത്സരം സ്കോട്‍ലന്‍ഡുമായി ആയിരുന്നു. 22ാം മിനുട്ടില്‍ത്തന്നെ റേയ്മണ്ട് കോപ്പയിലൂടെ ഫ്രാന്‍സ് ലീഡെടുത്തു. അധികം വൈകിയില്ല, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഫൊണ്ടൈന്‍റെ ഗോള്‍ വന്നു. സ്കോട്‍ലന്‍ഡ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കുന്നുണ്ടെങ്കിലും (2-1)ന് ഫ്രാന്‍സ് കളി ജയിച്ചു,
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന് എതിരാളികളായി എത്തിയത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ്. ഒരു പഴുതും നല്‍കാതെ മത്സരം ഫ്രാന്‍സ് കൊണ്ടുപോയി, എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഐറിഷ് പടക്കെതിരെ ഫ്രഞ്ച് ടീമിന്‍റെ വിജയം. ഇരട്ട ഗോളുമായി ജസ്റ്റ് ഫൊണ്ടൈന്‍ ഇത്തവണയും തന്‍റെ ബൂട്ടിന്‍റെ ചൂട് എതിര്‍ടീമിനെ അറിയിച്ചു.
ബ്രസീലിന്‍റെ തിരിച്ചടി
ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിന് പക്ഷേ ബ്രസീല്‍ കടിഞ്ഞാണിട്ടു. ആ ലോകകപ്പ് കാനറികള്‍ക്കുള്ളതായിരുന്നു എന്ന് എപ്പോഴേ എഴുതപ്പെട്ടിരുന്നുവെന്ന് വേണം കരുതാന്‍. അങ്ങനെ ഫ്രാന്‍സിന് സെമിയില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. എതിര്‍ടീമിനെ ഇത്രയും കളികളില്‍ ഗോള്‍മഴയില്‍ മുക്കിയ ഫ്രഞ്ച് പടക്ക് അങ്ങനെ സെമിയില്‍ പിഴച്ചു.
ഫ്രാന്‍സിന്‍റെ ബോക്സില്‍ ഇടതടവില്ലാതെ കയറിയിറങ്ങിയ ബ്രസീലിയന്‍ താരങ്ങള്‍ ഗോള്‍ വല നിറച്ചു. മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ത്തന്നെ വാവയിലൂടെ ബ്രസീല്‍ ആദ്യ വെടിപൊട്ടിച്ചു. തിരിച്ചടിക്കാന്‍ ഫ്രാന്‍സ് നിരയില്‍ കെല്‍പ്പുള്ള ഒരേയൊരു താരം ജസ്റ്റ് ഫൊണ്ടൈന്‍ ആയിരുന്നു, ഒന്‍പതാം മിനുട്ടില്‍ത്തന്നെ ഫൊണ്ടൈന്‍ മറുപടി ഗോള്‍ മടക്കി കളി സമനിലയിലെത്തിച്ചു. എന്നാല്‍ അതിനു ശേഷം ഫ്രാന്‍സ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
ബ്രസീല്‍ നിരയിലെ ഒരു പതിനേഴുകാരനെ അന്ന് ലോകം അറിഞ്ഞു. ആ കൌമാരക്കാരന്‍റെ പേര് പെലെ എന്നായിരുന്നു...
പെലെയുടെ ഹാട്രിക്കിന്‍റെ മികവില്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തുകളഞ്ഞു. അപ്പോഴും ഒരു ഗോള്‍ എതിര്‍വലയിലടിച്ചുകയറ്റി തലയുയര്‍ത്തിയാണ് ഫൊണ്ടൈന്‍ കളം വിട്ടത്.
അവസാന കളിയില്‍ നാല് ഗോളുകള്‍
സെമിയില്‍ തോറ്റ ഫ്രാന്‍സിന് ലൂസേഴ്സ് ഫൈനലില്‍ 54ലെ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ജര്‍മനിയെയാണ് നേരിടേണ്ടി വന്നത്. പക്ഷേ ഒരു ബഹുമാനവും ഇല്ലാതെയാണ് ജസ്റ്റ് ഫൊണ്ടൈന്‍റെ ബൂട്ട് ജര്‍മനിയുടെ വലയില്‍ നിറയൊഴിച്ചത്. നാല് ഗോളുകളാണ് അന്ന് ഫൊണ്ടൈന്‍ അടിച്ചുകൂട്ടിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ജര്‍മനിയുടെ ഹൃദയം തകര്‍ത്തുകൊണ്ട് മൂന്നിനെതിരെ ആറ് ഗോള്‍വിജയവുമായി അന്ന് ഫ്രാന്‍സ് മൂന്നാം സ്ഥാനം സ്വന്തമാക്കി.
ആ ലോകകപ്പ് ഫ്രാന്‍സിന് പറഞ്ഞുകൊടുത്തു, ഇത്രയും കാലം പുറത്തിരുത്തിയ പ്രതിഭയുടെ മൂല്യം. 24ാം വയസില്‍ അഞ്ച് മത്സരങ്ങളുടെ പരിയചയസമ്പത്തുമായി ലോകകപ്പിനിറങ്ങിയ ജസ്റ്റ് ഫൊണ്ടൈന്‍ സര്‍വരേയും ഞെട്ടിച്ചുകൊണ്ടാണ് ആ ടൂർണമെന്റ് അവസാനിപ്പിച്ചത്. അന്ന് ലോകകപ്പ് കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഫൊണ്ടൈന്‍റെ പേരില്‍ രേഖപ്പെടുത്തിയത് 13 ഗോളുകളാണ്. അതും ഒരു പെനാല്‍റ്റി ഗോള്‍ പോലുമില്ലാതെ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം.
1954ലെ സ്വിറ്റ്സർലൻഡ് ലോകകപ്പിൽ ഹംഗറിയുടെ സാന്‍റോര്‍ കോക്സിസ് 11 ഗോൾ നേടി ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അതിന്റെ അലയടങ്ങും മുമ്പാണ് ഫൊണ്ടെയ്ൻ ചരിത്രം തിരുത്തിയെഴുതിയത്.പിന്നീട് 70ലെ മെക്സിക്കോ ലോകകപ്പിൽ 10 ഗോൾ നേടിയ ജർമൻ താരം ഗെർഡ് മുള്ളറാണ് ഒരു ലോകകപ്പിലെ ഗോള്‍നേട്ടത്തില്‍ രണ്ടക്കം കടന്ന മറ്റൊരു താരം..
രസകരമായ കാര്യം ഇതല്ല. ഈ മൂന്നു ഗോൾവേട്ടക്കാരുടെയും രാജ്യത്തിനായിരുന്നില്ല ആ വര്‍ഷങ്ങളിലെയൊന്നും ലോകകപ്പ് കിരീടം. 54ല്‍ ഫൊണ്ടൈന്‍റെ ഗോള്‍ വേട്ടക്ക് ലോകം സാക്ഷിയായ വര്‍ഷം സാംബ മാജിക്കുമായി ബ്രസീലാണ് കിരീടമുയര്‍ത്തിയത്, ബ്രസീലിന്‍റെ ആദ്യ ലോകകപ്പ് നേട്ടം.
കാനറികളുടെ ആദ്യ കിരീടനേട്ടം മാത്രമായിരുന്നില്ല അവിടെ സംഭവിച്ചത്, ഫുട്‌ബോള്‍പ്രേമികള്‍ പിന്നീട് അവരുടെ മനസിൽ പരവതാനി വിരിച്ചുനല്‍കിയ ഒരു താരോദയത്തിനും കൂടിയാണ് അന്ന് സ്വീഡന്‍ സാക്ഷ്യംവഹിച്ചത്. വെയില്‍സിനെതിരെ ആദ്യ ഗോള്‍ സ്കോർ ചെയ്ത് പതിനേഴുകാരന്‍ പെലെ അന്ന് റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റി. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്‍റെ ഗോളായിരുന്നു അന്ന് പിറന്നത്. അങ്ങനെ കാനറികളെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് കൈപിടിച്ചുകയറ്റിയ പെലെ ലോകത്തിന് കറുത്തമുത്തായി.
സെമിയിലെ ഹാട്രിക്കും ഫൈനലിലെ രണ്ട് ഗോളുമുള്‍പ്പെടെ ആറ് ഗോളുകളുമായി പെലെയായിരുന്നു ആ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് 13 ഗോളുമായി ജസ്റ്റ് ലൂയിസ് ഫൊണ്ടൈന്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. സ്പോണ്‍സര്‍മാരില്ലാത്ത കാലത്ത് താൻ ഉപയോഗിച്ചിരുന്ന ബൂട്ടുകള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ സഹതാരത്തിന്റെ ബൂട്ടുമായി ഇറങ്ങിയായിരുന്നു ഫൊണ്ടെയ്ന്‍റെ ചരിത്ര പ്രകടനം.