ഇംഗ്ലണ്ട് ഓള്‍ ടൈം ടോപ്സ്കോററായി ഹാരി കെയ്ന്‍; പിന്നിലാക്കിയത് റൂണിയെ

യൂറോ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇറ്റലിയെ 2-1നാണ് ഇംഗ്ലണ്ട് കീഴടക്കിയത്.

Update: 2023-03-24 10:03 GMT

ഗോള്‍ നേടിയ സന്തോഷത്തില്‍ ഹാരി കെയ്ന്‍

Advertising

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ താരമെന്ന റെക്കോഡ് ഇനി സൂപ്പര്‍ താരം ഹാരി കെയ്ന്. ഇംഗ്ലണ്ടിന്‍റെ ഇതിഹാസ ഫുട്ബോളറായ വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡാണ് ഹാരി കെയ്ന്‍ മറികടന്നത്. ഇറ്റലിക്കെതിരായി നടന്ന യൂറോ കപ്പ് യോഗ്യതാ റൌണ്ട് മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഹാരി കെയ്ന്‍ റൂണിയുടെ റെക്കോര്‍ഡ് മറികടന്നത്.

യൂറോ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇറ്റലിയെ 2-1നാണ് ഇംഗ്ലണ്ട് കീഴടക്കിയത്. കളിയുടെ ആദ്യ പകുതിയിലെ 44-ാം മിനുട്ടില്‍ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചാണ് ഹാരി കെയ്ന്‍ 54  ഗോളുകളെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. റൂണിയുടെ 53 ഗോളുകളെന്ന റെക്കോര്‍ഡാണ് ഹാരി കെയ്ന്‍ മറികടന്നത്.

13ാം മിനിറ്റിൽ ഡെക്‍ലാൻ റൈസിലൂടെയാണ് ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത്. ഹാരികെയ്‍ന്‍റെ ശ്രമം ഇറ്റാലിയൻ പ്രതിരോധത്തിൽ തട്ടി മടങ്ങിയപ്പോൾ പന്ത് ചെന്നുവീണത് റൈസിന്‍റെ കാലിലായിരുന്നു. താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഇറ്റാലിയന്‍ ഗോളിയെ കീഴടക്കി വലയിലെത്തി. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 44ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഹാരി കെയ്ന്‍ ഇറ്റിലിയുടെ ഗോള്‍ നേട്ടം രണ്ടാക്കുന്നത്.

പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ വരുന്നത്. 56ാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ മറ്റിയോ റെറ്റെഗിയിലൂടെയായിരുന്നു ഇറ്റലിയുടെ ഗോള്‍. പ്രതിരോധത്തിൽ ഹാരി കെയ്ൻ വരുത്തിയ പിഴവാണ് 23കാന്‍ റെറ്റെഗി ഗോളാക്കി മാറ്റിയത്. 80ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ലൂ​ക് ഷോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും ഇറ്റലിക്ക് അത് മുതലാക്കാനായില്ല.

കളിയുടെ 58 ശതമാനവും പന്ത് ഇറ്റലിയുടെ കൈവശമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. 10 ഷോട്ടുകൾ ഇറ്റലി ഉതിർത്തപ്പോൾ അതിലൊന്ന് മാത്രമാണ് വലയിലേക്ക് നീങ്ങിയത്. മറിച്ച് ഏഴ് ഷോട്ടുകളുതിർത്ത ഇംഗ്ലണ്ടിന്റെ നാലും ഓണ്‍ ടാർഗറ്റിലേക്കായിരുന്നു. 1961ന് ശേഷം ഇറ്റലുയുടെ മണ്ണിൽ വെച്ച് ആദ്യമായാണ് ഇംഗ്ലണ്ട് അസൂറിപ്പടയെ തോൽപിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News