'കരുണ്‍ ഈസ് എ സൂപ്പര്‍ ലെജന്‍ഡ്'; കെ.എല്‍ രാഹുലിന് പകരം കരുണ്‍ നായര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സില്‍
കരുണ്‍ നായറുടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തങ്ങളുടെ പുതിയ സൈനിങ് വിവരം പുറത്തുവിടുന്നത്. ''പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി തരൂ...'' എന്നായിരുന്നു കരുണ്‍ നായരുടെ ട്വീറ്റ്
പരിക്കേറ്റ നായകന്‍ കെ.എല്‍ രാഹുലിന് പകരം കരുണ്‍ നായര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സില്‍. സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കരുണ്‍ നായര്‍ ആയിരിക്കും രാഹുലിന് പകരക്കാരന്‍.
കെ.എല്‍ രാഹുലിന്‍റെ പരിക്ക് ഗുരുതരമായതുകൊണ്ട് തന്നെ ഈ ഐ.പി.എല്‍ സീസണില്‍ ബാക്കിയുള്ള എല്ലാ മത്സരങ്ങളും നഷ്ടപ്പെടും. പുറമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2016ല്‍ അരങ്ങേറിയ കരുണ്‍ നായറിന് ഇതുവരെ വിരലിലെണ്ണാവുന്ന അവസരമേ കിട്ടിയിട്ടുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമായിട്ടുകൂടി ആകെ ആറ് ടെസ്റ്റുകളില്‍ മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് അദ്ദേഹത്തിന് അവസരം കൊടുത്തത്. ഏകദിനത്തില്‍ ആകട്ടെ രണ്ടേ രണ്ട് മത്സരങ്ങളും.
കരുണ്‍ നായറുടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തങ്ങളുടെ പുതിയ സൈനിങ് വിവരം പുറത്തുവിടുന്നത്. ''പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി തരൂ...'' എന്നായിരുന്നു കരുണ്‍ നായരുടെ ട്വീറ്റ്. അത് പങ്കുവെച്ചുകൊണ്ടാണ് ലഖ്‌നൗ താരത്തെ ടീമിലെടുത്ത കാര്യം അറിയിക്കുന്നത്.
ഒപ്പം കരുണ്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ചിത്രം പങ്കുവെച്ച് 'കരുണ്‍ നായര്‍ ഈസ് എ സൂപ്പര്‍ ലെജന്‍ഡ്' എന്ന് കുറിക്കുകയും ചെയ്തു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് കെ എല്‍ രാഹുലിന്‍റെ കാലിന് പരിക്കേല്‍ക്കുന്നത്. ഇതിന് ശേഷം രാഹുല്‍ ആ മത്സരത്തില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തില്ല. ഒടുവില്‍ കളി തോല്‍ക്കുമെന്ന അവസ്ഥയെത്തിയപ്പോള്‍ അവസാന വിക്കറ്റായാണ് രാഹുല്‍ ആ കളിയില്‍ ബാറ്റിങിനെത്തിയത്.
അവസാനക്കാരനായി ഇറങ്ങിയെങ്കിലും രാഹുലിന് ടീമിനെ ജയിപ്പിക്കാനായില്ല. താരം മുടന്തിയാണ് ക്രീസില്‍ ബാറ്റ് ചെയ്‌തത്. ഒടുവില്‍ രാഹുലിന്‍റെ പരിക്കിന്‍റെ സ്വഭാവം ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തെ ചികിത്സക്കായി മാറ്റുകയായിരുന്നു.