ഏഴില്‍ ആറിലും മിന്നും ജയം, കുതിപ്പ് തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ജംഷഡ്പൂര്‍

ഇന്ന് ജയിച്ചാല്‍ പോയിന്‍റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കെത്തും.

Update: 2023-01-03 11:55 GMT
Advertising

ലോകകപ്പിന്‍റെ ആവേശത്തിനിടയിലും ഒട്ടും ചോരാത്ത ആത്മവീര്യവുമായി പന്തുതട്ടിയ ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരാന്‍ ഇന്ന് വീണ്ടുമിറങ്ങുന്നു. ഇന്ന് ജയിച്ചാല്‍ പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കെത്തും. ജംഷഡ്പൂരാണ് എതിരാളികള്‍. വൈകിട്ട് ഏഴഴയ്ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. 

തുടർച്ചയായ ഏഴ് മത്സരങ്ങളിൽ തോൽവി അറിയാത്ത കൊമ്പന്മാര്‍ ഹോംഗ്രൌണ്ടില്‍ കൂടുതല്‍ കരുത്തരാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ജംഷഡ്പുരിനെ വീഴ്ത്തിയാല്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയം കൂടിയാകും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക. 11 മത്സരങ്ങളില്‍ നിന്നായി 22 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കാനായാല്‍ എ.ടി.കെ മോഹന്‍ബഗാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താം. അതേസമയം 11 കളികളില്‍ ഒരു ജയം മാത്രമുള്ള ജംഷഡ്പൂര്‍ പോയിന്‍റ് ടേബിളില്‍ പത്താം സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ജംഷഡ്പൂരിനാണ് ഇത്തവണ ഇങ്ങനെയൊരു ദുര്‍ഗതി.

പത്താം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്നും കാര്യങ്ങളത്ര സുഗമമാവില്ലെന്നാണ് മനസസിലാക്കേണ്ടത്. ക്യാപ്റ്റനും ഡിഫന്‍ഡറുമായ പീറ്റര്‍ ഹാര്‍ട്ലിയുടെ പുറത്താകലിന് ശേഷമുള്ള ജംഷഡ്പൂരിന്‍റെ ആദ്യമത്സരം കൂടിയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഡിലന്‍ ഫോക്‌സ് ആയിരിക്കും പീറ്റര്‍ ഹാര്‍ട്ലിയുടെ പകരക്കാരനെന്ന് പരിശീലകന്‍ എയ്ഡി ബൂത്രോയ്ഡ് വ്യക്തമാക്കി.

അതേസമയം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വഴങ്ങിയ ഇവാന്‍ കല്യൂഷ്‌നിക്ക് ഇന്ന് ജംഷഡ്പൂരിനെതിരെ ഇറങ്ങാന്‍ സാധിക്കില്ല. ഇത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് തിരിച്ചടിയാകും. ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ ടോപ് ഗോള്‍ സ്കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ഇവാന്‍ കല്യൂഷ്‌നി. ഒഡീഷക്കെതിരെ അവസാനം നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ മഞ്ഞക്കാർഡ് കണ്ടതാണ് താരത്തിന് തിരിച്ചടിയായത്.

ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. 86-ാം മിനുട്ടില്‍ സന്ദീപ് സിങാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ രാഹുലിന് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷ് ഇന്നും ടീമില്‍ സ്ഥാനം പിടിച്ചേക്കും. ടീമിൽ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതേസമയം ബ്ലാസ്റ്റേഴ്സ് വിട്ട മധ്യനിര താരം പ്യൂട്ടിയക്ക് പകരക്കാരന്‍ സ്ക്വാഡിൽ തന്നെയുണ്ടെന്ന്പ കോച്ച് ഇവാൻ വുകോമനോവിച് പറഞ്ഞു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News