ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ.എല്‍ രാഹുലിനെ ടീമിലെടുക്കണം: ഗവാസ്‍കര്‍
''ഓവലിൽ അഞ്ചാമനോ ആറാമനോ ആയി അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയാൽ നമ്മുടെ ബാറ്റിങ് നിരക്ക് അത് വലിയ ശക്തിയാകും''
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുലിനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കർ. മോശം ഫോമിനെ തുടർന്ന് ടീമിൽ രാഹുലിന്റെ സ്ഥാനം ചോദ്യ ചിഹ്നമായിരിക്കെയാണ് ഗവാസ്‌കറിന്റെ പരാമർശം.
''ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുലിനെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. ഓവലിൽ അഞ്ചാമനോ ആറാമനോ ആയി അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയാൽ നമ്മുടെ ബാറ്റിങ് നിരക്ക് അത് വലിയ ശക്തിയാകും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ അദ്ദേഹം മനോഹരമായാണ് ബാറ്റ് വീശിയത്. ലോർഡ്‌സിൽ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു''- ഗവാസ്കര്‍ പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുൽ ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 38 റൺസാണ് താരം ആകെ നേടിയത്. അതിനെ തുടര്‍ന്ന് മുന്‍താരങ്ങളും ആരാധകരും വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉന്നയിച്ചത്. അതിനെ തുടര്‍ന്ന് മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചു.
അതേ സമയം ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ച കെ.എസ് ഭരതിനും ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. ഇതിനെ തുര്‍ന്നാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനെ ടീമിലെടുക്കണം എന്ന് ഗവാസ്‍കര്‍ ആവശ്യമുന്നയിച്ചത്.