ഇന്നും പരാജയം; കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് സെഞ്ച്വറി വന്നിട്ട് 960 ദിനങ്ങൾ
കോഹ്ലിയടക്കമുള്ളവർ നിറംമങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയാണ്.
ടെസ്റ്റും ഏകദിനത്തിലും പരാജയത്തിന് ശേഷം ട്വന്റി-20 കളിക്കാനിറങ്ങിയപ്പോഴും വിരാട് കോഹ്‌ലിയുടെ കഥയിൽ മാറ്റമൊന്നുമില്ല. ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തിൽ വെറും മൂന്ന് ബോളുകൾ മാത്രമേ മുൻ ഇന്ത്യൻ നായകന്റെ ഇന്നിങ്‌സിന് ആയുസുണ്ടായിരുന്നൂള്ളൂ. അരങ്ങേറ്റക്കാരനായ റിച്ചാർഡ് ഗ്ലീസണിന്റെ പന്തിൽ ബാക്ക് വേർഡ് പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഡേവിഡ് മലാന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്തായത്. ഇന്നേക്ക് 960 ദിവസങ്ങളായി കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് കോഹ്‌ലി അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.
കോഹ്ലിയടക്കമുള്ളവർ നിറംമങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയാണ്. 29 പന്തിൽ 46 റൺസടിച്ച താരത്തിന്റെ മികവിൽ 170 റൺസാണ് ഇന്ത്യ നേടിയത്. മൂന്നു പന്തുകൾ നേരിട്ട സൂപ്പർതാരം വിരാട് കോഹ്ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി. റിച്ചാർഡ് ഗ്ലെസ്സെന്റെ പന്തിൽ ഡേവിഡ് മലൻ പിടിച്ചാണ് വൺഡൗണായെത്തിയ കോഹ്ലി പുറത്തായത്. ഓപ്പണർമാരായ രോഹിത് ശർമ (20 പന്തിൽ 31 ), റിഷബ് പന്ത് (15 പന്തിൽ 26 ) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യക്ക് തുണയായി. ഇരുവരെയും ഗ്ലെസ്സെനാണ് വീഴ്ത്തിയത്. ജോസ് ബട്ലറിനായിരുന്നു ക്യാച്ച്.
നാലാമതിറങ്ങിയ സൂര്യകുമാറിന് 11 പന്തിൽ 15 റൺസാണ് കണ്ടെത്താനായത്. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 12 റൺസുമായി തിരിച്ചുനടന്നു. ജോർദന്റെ പന്തിൽ മലൻ പിടികൂടുകയായിരുന്നു.
ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിയോടെ ബെർമിങ്ഹാമിൽ തുടങ്ങിയ മത്സരത്തിൽ ടോസ് കിട്ടിയ ഇംഗ്ലണ്ട് ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ പരമ്പര നേടാനാവും. ഒന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും റിഷബ് പന്തും രവീന്ദ്ര ജഡേജയും ഇന്ന് ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഒന്നാം മത്സരത്തിൽ 50 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയർലൻറിനെതിരായ പരമ്പരയിലെ നായകൻ ഹർദിക് പാണ്ഡ്യയുടെ മിന്നും ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.