'അയാളുടെ പന്തുകളെ കോഹ്ലിക്ക് ഭയമായിരുന്നു'; ഇന്ത്യൻ ബോളറെ പുകഴ്ത്തി ദിനേശ് കാർത്തിക്ക്
''എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബോളർ അയാളാണ്''
കരിയറിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബോളർ മുഹമ്മദ് ഷമിയാണെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്. ഇന്ത്യൻ ക്രിക്കറ്റിലെ പല ഇതിഹാസങ്ങൾക്കും നെറ്റ്‌സിൽ ഷമിയുടെ പന്തുകളെ നേരിടാൻ ഭയമാണെന്ന് ദിനേശ് കാർത്തിക് പറഞ്ഞു.
''നെറ്റ്‌സിൽ എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബോളർ ഷമിയായിരുന്നു. ഒരുപാട് തവണ ഷമിയുടെ പന്തിൽ എന്റെ വിക്കറ്റ് വീണിട്ടുണ്ട്. ഞാനാദ്യം കരുതിയത് എനിക്ക് മാത്രമാണ് ഷമിയെ ഭയം എന്നാണ്. എന്നാൽ ഇതിഹാസങ്ങളായ രോഹിത് ശർമയോടും വിരാട് കോഹ്ലിയോടുമൊക്കെ ഞാൻ ഇക്കാര്യം ചോദിച്ചപ്പോൾ അവർക്കും സമാനാനുഭവമാണെന്ന് എന്നോട് പറഞ്ഞു. ഷമിയുടെ പന്തുകളെ നേരിടാൻ അവർ ഏറെ വെറുത്തിരുന്നു'' കാർത്തിക്ക് പറഞ്ഞു. ക്രിക് ബസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം.
ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി പന്തെറിയുന്ന മുഹമ്മദ് ഷമി ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നാഗ്പൂര്‍ ടെസ്റ്റില്‍ പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഷമി വിസ്മയം കാണിച്ചിരുന്നു . ആദ്യ ഇന്നിങ്സില്‍ ടി 20 മോഡില്‍ ബാറ്റ് വീശിയ താരം മൂന്ന് പടുകൂറ്റന്‍ സിക്സറുകളുടെ അകമ്പടിയോടെ 37 റണ്‍സാണ് അടിച്ചെടുത്തത്. ടെസ്റ്റില്‍ 25 സിക്സുകളാണ് ഷമിയുടെ പേരിലുള്ളത്. വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, രവി ശാസ്ത്രി, യുവരാജ് സിങ്, കെയിന്‍ വില്യംസണ്‍, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര തുടങ്ങിയവരൊക്കെ ടെസ്റ്റില്‍ സിക്സുകളുടെ കാര്യത്തില്‍ ഷമിക്ക് താഴെയാണ്.