' കോഹ്ലിയെ ഞാനെന്തിന് അഭിനന്ദിക്കണം'; മാധ്യമപ്രവർത്തരോട് കുശാൽ മെന്റിസ്
വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കോഹ്‍ലിയുടെ ചരിത്ര നേട്ടത്തെക്കുറിച്ച് മെന്‍ഡിസിനെ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു മെന്‍ഡിസിന്‍റെ മറുപടി
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ തന്‍റെ പിറന്നാള്‍ രാജകീയമായി ആഘോഷിക്കുകയായിരുന്നു വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി കുറിച്ച താരം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. ചരിത്ര നേട്ടത്തിന് ശേഷം സച്ചിനടക്കം നിരവധി പേരാണ് കോഹ്‍ലിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. എന്നാല്‍ ശ്രീലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് കോഹ്‍ലിയെ അഭിനന്ദിക്കാന്‍ തയ്യാറായില്ല.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായാണ് മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ച മെന്‍ഡിസിന്‍റെ മറുപടി. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കോഹ്‍ലിയുടെ ചരിത്ര നേട്ടത്തെക്കുറിച്ച് മെന്‍ഡിസിനെ ഓര്‍മിപ്പിച്ചു. നിങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നില്ലേ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഞാനെന്തിന് അദ്ദേഹത്തെ അഭിനന്ദിക്കണം എന്നായിരുന്നു മെന്‍ഡിസിന്‍റെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.
121 പന്തുകളിൽ നിന്നാണ് കോഹ്‌ലി 101 റൺസ് നേടിയത്. പത്ത് ഫോറുകൾ കോഹ്‌ലി കണ്ടെത്തിയപ്പോൾ ഒരൊറ്റ സിക്‌സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല. തന്റെ ആക്രമണോത്സുക ബാറ്റിങിനെ നിയന്ത്രിച്ച് ക്ലാസ് ബാറ്റിങാണ് കോഹ്ലി കാഴ്ചവെച്ചത്. കോഹ്ലിക്ക് പുറമെ രോഹിത് ശർമ്മ(40) ശ്രേയസ് അയ്യർ(77) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും(22) രവീന്ദ്ര ജഡേജയും (29) റൺസ് കണ്ടെത്തിയതോടെയാണ് ഇന്ത്യൻ സ്‌കോർ 320 കടന്നത്.