അഞ്ച് ബോള്‍ സിക്സര്‍ മുതല്‍ മങ്കാദിങ് ശ്രമം വരെ, ലാസ്റ്റ് ബോള്‍ ഡ്രാമയില്‍ ഐ.പി.എല്‍; അവസാന അഞ്ച് മത്സരത്തിലും ത്രില്ലര്‍ പോര്
കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ തന്നെയെടുത്താല്‍ അവിടെയെല്ലാം അവസാന പന്തുവരെ ജയ-പരാജയ സാധ്യത മാറിമറിയുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്.
അപ്രവചനീയതകളുടെ കൂടി ലീഗ് ആയി മാറുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. മത്സരങ്ങളോരോന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അവസാനിക്കുന്നത്. അവസാന പന്തുവരെ ആരാധകരെ പിടിച്ചിരുത്തുന്ന തരത്തില്‍ മത്സരങ്ങള്‍ മുന്നേറുമ്പോള്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറക്കുകയാണ്.
കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ തന്നെയെടുത്താല്‍ അവിടെയെല്ലാം അവസാന പന്തുവരെ ജയ-പരാജയ സാധ്യത മാറിമറിയുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്. വിജയിയെ നിശ്ചയിക്കാന്‍ അവസാന പന്തുവരെ കാത്തിരിക്കേണ്ടി വന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന് മാത്രമാണ് ഡിഫന്‍ഡ് ചെയ്ത് ജയിക്കാന്‍ സാധിച്ചത്. ബാക്കിയെല്ലാ ടീമും ത്രില്ലര്‍ പോരാട്ടത്തില്‍ ചേസ് ചെയ്ത് ജയിക്കുകയായിരുന്നു
ഗുജറാത്ത്-കൊല്‍ക്കത്ത മത്സരം
ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയ മത്സരമായിരുന്നു ഗുജറാത്ത് കൊല്‍ക്കത്ത് മത്സരം. ഗുജറാത്ത് റൺമല തന്നെ ഉയർത്തിയെങ്കിലും റാഷിദ് ഖാന്‍റെ ടീമിനെ റിങ്കു സിങ്ങെന്ന ഒറ്റയാന്‍റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രം കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ 29 റണ്‍സെന്ന ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ അവസാന അഞ്ച് പന്തും സിക്സറടിച്ചാണ് റിങ്കു സിങ് ജയിപ്പിച്ചത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരു ടീം അവസാന ഓവറില്‍ ഇത്രയും റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത് ആദ്യമായാണ്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നത്.
ബാംഗ്ലൂര്‍-ലഖ്നൌ മത്സരം
ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആവേശപ്പോരാട്ടത്തില്‍ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സീസണിലെ മൂന്നാം ജയം ആഘോഷമാക്കിയത്. അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ലഖ്നൌവിന്‍റെ ത്രസിപ്പിക്കുന്ന വിജയം. 213 എന്ന കൂറ്റൻ ടോട്ടല്‍ ചേസ് ചെയ്തിറങ്ങിയ ലഖ്നൌവിനായി നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്തിയാണ് ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോയ മത്സരം തിരിച്ചുപിടിച്ചത്.
നാടകീയ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ മത്സരമായിരുന്നു അത്. ഒന്‍പത് വിക്കറ്റ് നഷ്ടമായ ലഖ്നൌവിന് അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ഹര്‍ഷല്‍ പട്ടേല്‍ രവി ബിഷ്ണോയിയെ മങ്കാദിങ് ആക്കാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അത് പരാജയപ്പെടുകയും അവസാന പന്തില്‍ ഒരു റണ്‍ ബൈ ഓടി ലഖ്നൌ വിജയിക്കുകയുമായിരുന്നു.
ഡല്‍ഹി-മുംബൈ മത്സരം
അവസാന പന്തിലെ ആവേശപ്പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആറ് വിക്കറ്റിനായിരുന്നു വിജയം. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിങിന്‍റെയും ബലത്തിലായിരുന്നു മുംബൈയുടെ ചേസ്.
അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം മതിയായിരുന്നിട്ടും മുംബൈയെ വരിഞ്ഞു മുറുക്കിയ നോര്‍ക്കിയ അവസാന പന്തിലാണ് തോല്‍വി സമ്മതിച്ചത്. അവസാന ബോളില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ മിന്നല്‍ വേഗത്തില്‍ ഡബിള്‍ ഓടിയെടുത്തായിരുന്നു മുംബൈയുടെ വിജയം.
രാജസ്ഥാന്‍-ചെന്നൈ മത്സരം
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമായിരുന്നു രാജസ്ഥാന്‍-ചെന്നൈ ത്രില്ലര്‍ പോരാട്ടം. രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്കായി നായകന്‍ ധോണി ക്രീസിലെത്തുന്ന സമയം 2.2 കോടി ജനങ്ങളാണ് ലൈവ് കണ്ടത്. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ചെന്നൈ വീഴുകയായിരുന്നു.
അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോഴും സമ്മര്‍ദം പന്തെറിയാനെത്തിയ സന്ദീപ് ശര്‍മക്കായിരുന്നു. സന്ദീപ് ശര്‍മയുടെ മുഖത്ത് അത് പ്രകടവുമായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സമ്മര്‍ദത്തിലായ സന്ദീപ് ശര്‍മ ആദ്യ രണ്ട് പന്തും വൈഡെറിയുക കൂടി ചെയ്തതോടെ ധോണി എഫക്ട് എന്താണെന്ന് ആരാധകര്‍ ശരിക്കും കണ്ടു.
പിന്നീട് ഒരു ഡോട്ട് ബോളെറിഞ്ഞ് സന്ദീപ് ശര്‍മയെ അതുകഴിഞ്ഞുള്ള രണ്ട് പന്തുകളും സിക്സര്‍ പറത്തിയാണ് ധോണി ശിക്ഷിച്ചത്. എന്നാല്‍ സമ്മര്‍ദത്തെ അതിജീവിച്ച് അവസാന മൂന്ന് പന്തുകളിലും വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി സന്ദീപ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചു.
പഞ്ചാബ്-ഗുജറാത്ത് മത്സരം
ഇന്നലെ നടന്ന പഞ്ചാബ്-ഗുജറാത്ത് മത്സരത്തിലും സ്ഥിതി വ്യതസ്തമായിരുന്നില്ല. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയത്തിലെത്തിയത്. ശുഭ്മാൻ ഗിൽ തിളങ്ങിയ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ വിജയം.
അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്നുവരെ ഗുജറാത്ത് സംശയിച്ചു. സാം കറൻ ഗില്ലിനെ വിക്കറ്റാക്കുമ്പോള്‍ ഗുജറാത്തിന് വേണ്ടത് നാല് ബോളിൽ അഞ്ച് റൺസ്. പിന്നെയും കളി മുറുകി. രണ്ട് ബോളിൽ നാല് റൺസെന്ന വേണമെന്ന നിലയിലെത്തി. ഒടുവില്‍ അഞ്ചാം പന്ത് തെവാട്ടിയ ബൌണ്ടറി കടത്തിയതോടെ ഗുജറാത്ത് ക്യാമ്പില്‍ ആശ്വാസത്തിന്‍റെ ചിരിയുണര്‍ന്നു.