മെസി പി.എസ്.ജി വിടുമെന്നുറപ്പായി
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു
അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഈ സീസണോടെ പി.എസ്.ജി വിടുമെന്നുറപ്പായി. പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിയോയുടെ പിതാവ് ഇക്കാര്യം ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ട്.
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതോടെ താരവും ക്ലബ്ബും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്‍റെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. താരം തന്‍റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ടാഴ്ചത്തേക്കാണ് പി.എസ്.ജി സസ്പെന്‍ഡ് ചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ മെസ്സിക്ക് ക്ലബ്ബിന് കീഴിൽ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സസ്‌പെൻഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വൺ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.
കഴിഞ്ഞയാഴ്ച ലോറിയന്റിനെതിരെ പിഎസ്ജി നേരിട്ട പരാജയത്തിന് തൊട്ടു പിന്നാലെയായിരുന്നു മെസിയുടെ സൗദി സന്ദർശനം. കുടുംബത്തോടൊപ്പം മെസി സൗദിയിലെത്തിയത് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. സീസൺ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് താരത്തിനെതിരെ ക്ലബ്ബിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.