ആഞ്ഞടിച്ചു ആവേശ് ഖാൻ; ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി-20 യിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ഈ ജയത്തോടെ പരമ്പര 2-2 ന് സമനിലയിലായി.

Update: 2022-06-17 17:03 GMT
Editor : Nidhin | By : Web Desk
Advertising

ആവേശ് ഖാൻ കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് 82 റൺസിന്റെ കൂറ്റൻ ജയം. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റാണ് ആവേശ് ഖാൻ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 16.5 ഓവറിൽ 87 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

ആത്മവിശ്വാസത്തോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് തുടക്കം. അഞ്ചാം ഓവറിൽ ഡികോക്കാണ് ആദ്യം വീണത്. റണൗട്ടിലൂടെയായിരുന്നു ഡിക്കോക്ക് പുറത്തായത്. നായകൻ ബാവുമ പരിക്കേറ്റ് റിട്ടേഡ് ഹർട്ടായി പുറത്തേക്ക് പോയി. പ്രിട്ടോറിയസ് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ആവേശ് ഖാൻ തിരികെ അയച്ചു. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച ക്ലാസൻ ചഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തേക്ക് പോയതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു. 8 റൺസാണ് ക്ലാസന്റെ സമ്പാദ്യം. മില്ലറും (9) ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്തേക്ക് നടന്നു.

ഒരറ്റത്ത് വാൻഡേഴ്‌സൺ (20) പിടിച്ചു നിക്കാൻ ശ്രമിച്ചെങ്കിലും ആവേശ് ഖാൻ വീണ്ടും അവതരിച്ചു തിരികെ അയച്ചു. രണ്ട് പന്തുകൾക്കപ്പുറം ജാൻസണെയും (12) ആവേശ് ഖാൻ വീഴ്ത്തി. അതേ ഓവറിലെ അവസാന പന്തിൽ കേശവ് മഹാരാജിനെയും (0) കൂടി വീഴ്ത്തിയാണ് ആവേശ് ഖാൻ ആ ഓവറിലെ വേട്ട അവസാനിപ്പിച്ചത്. ആറു പന്തുകൾക്കപ്പുറം ചഹൽ നോർജയെ വീഴ്ത്തി. ഒരു റൺസ് മാത്രമാണ് നോർജേക്ക് നേടാനായത്. പിന്നെ എൻഗിഡിയെ (4) അക്‌സർ മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂർണമായി. ഷംസി 4 റൺസുമായി പുറത്താകാതെ നിന്നു.

ഈ ജയത്തോടെ പരമ്പര 2-2 ന് സമനിലയിലായി. ഞായറാഴ്ച ബാംഗ്ലൂരിൽ നടക്കുന്ന അഞ്ചാം മത്സരം പരമ്പര വിജയികളെ തീരുമാനിക്കും.

നേരത്തെ ദിനേശ് കാർത്തിക്കും ഹർദിക്കും ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇന്ത്യ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഏകദിന സ്റ്റൈലിലായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മിന്നിക്കത്തിയ ഗെയ്ക്‌വാദ് രണ്ടാം ഓവറിൽ തന്നെ 5 റൺസുമായി ലുങ്കി എൻഗിഡിക്ക് വിക്കറ്റ് നൽകി മടങ്ങി. ഇഷൻ കിഷൻ 27 റൺസ് നേടിയെങ്കിലും 26 പന്തെടുത്തു ആ സ്‌കോർ നേടാൻ. നോർജേയാണ് ഇഷനെ വീഴ്ത്തിയത്. ഇടക്ക് വന്ന ശ്രേയസും അയ്യറും (4) നിരാശപ്പെടുത്തിയതോടെ ഇന്ത്യ അപകടം മണത്തു. ജാൻസണാണ് ശ്രേയസ് അയ്യറിന്റെ വിക്കറ്റ്. നായകൻ പന്തിന്റെ ഇന്നിങ്‌സും ഇഴഞ്ഞു നീങ്ങിയതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. 23 പന്തിൽ 17 റൺസ് മാത്രം നേടിയ ഹർദിക്കിനെ മഹാരാജാണ് വീഴ്ത്തിയത്.

അവസാന ഓവറുകളിൽ ദിനേശ് കാർത്തികും ഹർദിക്ക് പാണ്ഡ്യയും ചേർന്ന് നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 19-ാം ഓവറിൽ 31 പന്തിൽ 46 റൺസ് നേടിയ ഹർദിക്കിനെ എൻഗിഡി വീഴ്ത്തിയെങ്കിലും ദിനേശ് കാർത്തിക്ക് ദക്ഷിണാഫ്രിക്ക വധം തുടർന്നു. ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ 27 പന്തിൽ 55 റൺസുമായി കാർത്തിക്ക് മടങ്ങുമ്പോഴേക്കും ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയിരുന്നു. കാർത്തിക്കിന്റെ ആദ്യത്തെ ട്വന്റി-20 അർധ സെഞ്ച്വറിയാണിത്.  പ്രിട്ടോറിയസാണ് കാർത്തിക്കിനെ വീഴ്ത്തിയത്. ശേഷിക്കുന്ന പന്തുകളിൽ അക്‌സറും (8) ഹർഷലും (1) പൊരുതി നോക്കിയെങ്കിലും സ്‌കോർ 169 ൽ അവസാനിച്ചു. 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News