മലയാളിയായ എം. ശ്രീശങ്കർ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
ഓഗസ്റ്റിൽ ബുഡാപെസ്റ്റിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ഭുവനേശ്വർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ മലയാളിയായ എം ശ്രീശങ്കർ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.ഭുവനേശ്വറിൽ നടക്കുന്ന ഇന്റർസ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ യോഗ്യത നേടിയത്. തിങ്കളാഴ്ച വൈകീട്ടാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ.
ഓഗസ്റ്റിൽ ബുഡാപെസ്റ്റിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇതിനുള്ള യോഗ്യതാ ദൂരം 8.25 മീറ്ററായിരുന്നു. ലോങ്ജംപിൽ 8.4 മീറ്റർ തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. കഴിഞ്ഞ മാർച്ചിൽ തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ 8.42 മീറ്റർ ചാടി ദേശീയ റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നേട്ടമാണ് ഇപ്പോൾ ലഭിച്ചതെന്ന് ശ്രീശങ്കറിന്റെ പിതാവ് പറഞ്ഞു. കഠിന പരിശ്രമമാണ് ഏറെ നാളായി ശ്രീശങ്കർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.