രഞ്ജി ട്രോഫിയില്‍ ഇനി കിരീടപ്പോര്; മുംബൈയും മധ്യപ്രദേശും നേര്‍ക്കുനേര്‍

മുംബൈ 42ാം കിരീടം ലക്ഷ്യമിടുമ്പോള്‍ കന്നി കിരീടമെന്ന നേട്ടമാണ് മധ്യപ്രദേശിനെ കാത്തിരിക്കുന്നത്.

Update: 2022-06-19 03:42 GMT
Advertising

രഞ്ജി ട്രോഫിയിൽ മുംബൈ- മധ്യപ്രദേശ് ഫൈനൽ. സെമിയിൽ ഉത്തർപ്രദേശിനെ സമനിലയിൽ കുരുക്കിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. ബംഗാളിനെ 174 റൺസിന് പരാജയപ്പെടുത്തിയാണ് മധ്യപ്രദേശ് കലാശപ്പോരിന് യോഗ്യത നേടിയത്. 47ആം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിന് ടിക്കറ്റെടുക്കുന്നത്. മധ്യപ്രദേശാകട്ടെ ഫൈനലിലെത്തുന്നത് 23 വർഷങ്ങള്‍ക്ക് ശേഷവും. മുംബൈ അവസാനമായി ഫൈനല്‍ കളിച്ചത് 2016 ലാണ്. അന്ന് ഗുജറാത്തിനോട് തോറ്റ് റണ്ണര്‍ അപ്പാകാനായിരുന്നു ടീമിന്‍റെ വിധി. 22ന് ബംഗളൂരുവില്‍ വെച്ചാണ് രഞ്ജി ഫൈനൽ.

മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിങ്സിൽ 68 റൺസിന്‍റെ ലീഡ് വഴങ്ങിയ ബംഗാളിന് രണ്ടാം ഇന്നിങ്സിലും പിഴക്കുകയായിരുന്നു. 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 175ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കുമാർ കാർത്തികേയയും മൂന്ന് വിക്കറ്റ് നേടിയ ഗൗരവ് യാദവുമാണ് ബംഗാളിന്‍റെ പ്രതീക്ഷകൾ തകർത്തത്. മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിങ്സിൽ 165 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഹിമാൻഷു മന്‍ത്രിയാണ് മാൻ ഓഫ് ദ മാച്ച്.

മുന്‍പ് 1998 ൽ മാത്രം രഞ്ജി ഫൈനൽ കളിച്ച മധ്യപ്രദേശ് ആകട്ടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. അന്ന് കര്‍ണാടകയോടാണ് മധ്യപ്രദേശ് ഫൈനലില്‍ തോല്‍വി വഴങ്ങിയത്. ഉത്തർപ്രദേശിനെതിരായ സെമിയിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ സമനിലയിൽ കുരുക്കിയാണ് മുംബൈ 47മത് ഫൈനലിലേക്ക് യോഗ്യത നേടിയത്. 42ആം കിരീടമാണ് മുംബൈയുടെ ലക്ഷ്യം. 213 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്സിൽ 156 ഓവർ ബാറ്റ്ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 533 റൺസ് നേടി. കൂറ്റൻ ലീഡ് നേടിയിട്ടും മുംബൈ ഇന്നിങ്സ് ഡിക്ലയർ ചെയ്തില്ല. മുംബൈ 746 റൺസിന്റെ ഓവറോൾ ലീഡിൽ നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ മുംബൈ ഫൈനലിലേക്ക് കടന്നു. മുംബൈക്കായി ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ യശ്വസി ജയയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അതേ പ്രകടനം ആവര്‍ത്തിച്ചു. 181 റൺസാണ് താരം രണ്ടാം ഇന്നിങ്സില്‍ അടിച്ചുകൂട്ടിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News