''പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ ഒത്തു കളിക്കുകയാണെന്ന് പലരും വിളിച്ച് പറഞ്ഞു''- ഷുഐബ് അക്തര്‍
അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പെട്ടെന്ന് കൂടാരം കയറ്റിയത്
ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ പോരാട്ടമാണ് ഇന്നലെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അരങ്ങേറിയത്. പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ വെറും 213 റണ്‍സിന് കൂടാരം കയറ്റിയ ശ്രീലങ്കയെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ വിജയം പിടിച്ച് വാങ്ങുകയായിരുന്നു. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 172 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പെട്ടെന്ന് കൂടാരം കയറ്റിയത്. എന്നാല്‍ കുല്‍ദീപ് യാദവിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
ഈ മത്സരം പാകിസ്താനും നിര്‍ണ്ണായകമായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് കൂറ്റന്‍ തോല്‍വി വഴങ്ങിയ പാകിസ്താന് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രീലങ്കയുടെ തോല്‍വി കണ്ടേ മതിയാകുമായിരുന്നുള്ളൂ . അതിനാല്‍ തന്നെ ഇന്ത്യന്‍ വിജയത്തിനായി പാക് ആരാധകര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. എന്നാല്‍ ശ്രീലങ്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നത് കണ്ട ആരാധകര്‍ പ്രകോപിതരായി. ഇന്ത്യക്കെതിരെ ഒത്തുകളി ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ പാക് താരം ഷുഐബ് അക്തര്‍. പാക് ആരാധകര്‍ കാരണമില്ലാതെ വിമർശനം ഉന്നയിക്കരുതെന്നും ഇന്ത്യയുടെ മികച്ച തിരിച്ചുവരവാണ് ഇന്നലെ കണ്ടതെന്നും ഷുഐബ് അക്തര്‍ പ്രതികരിച്ചു.
'20 കാരനായ വെല്ലലഗെ അഞ്ച് ഇന്ത്യൻ താരങ്ങളെ കൂടാരം കയറ്റിയപ്പോൾ പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുക്കാൻ പോവുകയാണെന്ന് എന്നെ പലരും വിളിച്ച് പറഞ്ഞു. നേരിട്ട് ഫൈനലിൽ കടക്കാനുള്ള അവസരം ഇന്ത്യ അങ്ങനെ നഷ്ടപ്പെടുത്തിക്കളയും എന്ന് എനിക്ക് തോന്നുന്നില്ല. പാക് ആരാധകരോട് പറയാനുള്ളത് കാരണമില്ലാതെ വിമർശനം ഉന്നയിക്കരുതെന്നാണ്. ഇന്ത്യയുടെ മികച്ച തിരിച്ചുവരവാണ് നമ്മൾ ഇന്നലെ കണ്ടത്''- ഷുഐബ് അക്തര്‍ പറഞ്ഞു.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ രോഹിത് ശര്‍മയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിതും ഗില്ലും ചേര്‍ന്ന് 80 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അടുത്ത സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിക്കവെയാണ് ശ്രീലങ്കയുടെ വക ആദ്യ തിരിച്ചടിയുണ്ടായത്. 20കാരനായ വെല്ലലഗെ ഗില്ലിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ മുന്നറിയിപ്പ് നല്‍കി.
പിന്നീടങ്ങോട്ട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. 90 റൺസായപ്പോൾ കോഹ്‌ലിയും 91ൽ രോഹിത് ശർമയും പുറത്തായി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അർധസെഞ്ച്വറി സമ്മാനിച്ചായിരുന്നു ക്യാപ്റ്റന്‍റെ മടക്കം. തുടർന്നെത്തിയവരിൽ കെ.എൽ രാഹുലും (39), ഇഷൻ കിഷനും (33) മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
പാകിസ്താനെതിരെ തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായ കോഹ്‌ലിയുടെ ഇന്നിങ്സ് മൂന്ന് റൺസിൽ അവസാനിച്ചു. പിന്നീട് അക്‌സർ പട്ടേൽ മാത്രമാണ് രണ്ടക്കം തികച്ചത്. ഒടുവിൽ, 49.1 ഓവറിൽ എല്ലാവരെയും കൂടാരം കയറ്റിയാണ് ലങ്ക ഇന്ത്യക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയത്. എന്നാൽ ബോളിങ്ങില്‍ ഇന്ത്യ ശ്രീലങ്കക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി. കേവലം 41.3 ഓവറിൽ 172 റൺസിന് എല്ലാവരെയും മടക്കി ഇന്ത്യ 41 റണ്‍സിന്‍റെ വിജയം കുറിച്ചു.