ഇന്ത്യൻ ഫുട്ബോൾ ക്ലബുകൾ ഒത്തുകളി വിവാദ നിഴലിൽ; സി.ബി.ഐ അന്വേഷണം തുടങ്ങി
ഐ ലീഗ് ടീമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സിബിഐ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഒത്തുകളി വിവാദത്തിൽ അഞ്ചു ക്ലബുകൾക്കെതിരെ സി.ബി.ഐ അന്വേഷണം. ഡൽഹിയിലെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്തെത്തി സി.ബി.ഐ പരിശോധന നടത്തി. ഐ ലീഗ് ടീമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സി.ബി.ഐ അറിയിച്ചു.
രാജ്യാന്തര ഒത്തുകളി ഏജന്റ് വിൽസൺ രാജ് പെരുമാളുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിൽസൺ അഞ്ച് ഇന്ത്യൻ ക്ലബുകളിൽ കോടികൾ നിക്ഷേപിച്ചതായി സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ക്ലബുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. ഐ-ലീഗ് ടീമുകളാണ് സംശയനിഴലിലുള്ളത്. എ.ഐ.എഫ്.എഫ് ക്ലബായിരുന്ന ഇന്ത്യൻ ആരോസും കൂട്ടത്തിലുണ്ടെന്ന് സൂചന. അഞ്ചു ക്ലബുകളോടും സി.ബി.ഐ വിശദീകരണം തേടി.
താരങ്ങളുമായുള്ള കരാർ, സ്‌പോൺസർമാർ, വിദേശതാരങ്ങൾ, സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർ തുടങ്ങി വിവരങ്ങളാണ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലബുകളോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു. ഒത്തുകളിയുമായി ഫെഡറേഷൻ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.