കോഹ്‌ലിയും രോഹിതുമല്ല: ഈ താരത്തെ കരുതിയിരിക്കണമെന്ന് പാകിസ്താനോട് മാത്യു ഹെയ്ഡൻ
ടി20 ലോകകപ്പിൽ ഇന്ത്യയുമായി മത്സരത്തിന് തയ്യാറെടുക്കുന്ന പാകിസ്താന് ഉപദേശവുമായി മുൻ ആസ്‌ട്രേലിയൻ താരവും ബാറ്റിങ് പരിശീലകനുമായ മാത്യു ഹെയ്ഡൻ.
ടി20 ലോകകപ്പിൽ ഇന്ത്യയുമായി മത്സരത്തിന് തയ്യാറെടുക്കുന്ന പാകിസ്താന് ഉപദേശവുമായി മുൻ ആസ്‌ട്രേലിയൻ താരവും ബാറ്റിങ് പരിശീലകനുമായ മാത്യു ഹെയ്ഡൻ. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷബ് പന്ത്, ഓപ്പണർ ലോകേഷ് രാഹുൽ എന്നിവരെ കുരിതിയിരിക്കണമെന്നാണ് മാത്യു ഹെയ്ഡൻ പറയുന്നത്.
ലോകേഷ് രാഹുലിന്റെ പ്രകടനം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം പാകിസ്താന് വലിയ ഭീഷണിയാണ്. ക്രിക്കറ്റർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ച എനിക്കറിയാം. ക്രിക്കറ്റിന്റെ ചെറുഫോർമാറ്റിൽ അദ്ദേഹത്തിന്റെ ആധിപത്യം മികച്ചതാണ്. റിഷബ് പന്തിന്റെ ധീര സ്വഭാവവും അക്രമിച്ചുകളിക്കുന്ന രീതിയുമൊക്കെ എടുത്തുപറയേണ്ടതാണ്- ഹെയ്ഡൻ പറഞ്ഞു.
പാകിസ്താൻ നിരയിൽ നായകൻ ബാബർ അസമും ഓപ്പണർ റിസ്‌വാനും ഫഖർസമാനും പ്രധാന താരങ്ങളാണെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു. പാകിസ്താൻ ടീമിൽ ശാന്തതയും നിയന്ത്രണവം കൊണ്ടുവരിക, കളിക്കാരെ സജീവമാക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു. അതേസമയം ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നതും ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. സന്നാഹ മത്സരത്തിലെ തകര്‍പ്പന്‍ ജയങ്ങളും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
അതേസമയം സന്നാഹമത്സരത്തിലെ പ്രകടനം നോക്കുകയാണെങ്കിൽ ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതകൽപ്പിക്കപ്പെടുന്ന ടീം ഇന്ത്യയായിരിക്കുമെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യ സന്നാഹം ഗംഭീരമാക്കിയത്. രണ്ടാം മത്സരത്തിൽ ആസ്‌ട്രേലിയയേയും തോൽപിച്ചു. അതും എട്ട് വിക്കറ്റിന്.