അമേരിക്കയെ കളി പഠിപ്പിക്കാന്‍ പൊച്ചറ്റീനോ
2026 ല്‍ സ്വന്തം മണ്ണിലരങ്ങേറുന്ന ലോകകപ്പ് മുന്നില്‍ കണ്ടാണ് പൊച്ചറ്റീനോയെ അമേരിക്കന്‍ ടീം പരിശീലക വേഷത്തിലെത്തിക്കുന്നത്
അമേരിക്കന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി അര്‍ജന്‍റീനക്കാരന്‍ മോറീഷ്യോ പൊച്ചറ്റീനോയെ നിയമിച്ചു. കോപ്പ അമേരിക്കയിലെ മോശം പ്രകടനത്തെ തുടർന്ന് മുന്‍ മാനേജറായിരുന്ന ഗ്രേഗ് ബെർഹാൾട്ടറെ അമേരിക്ക പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊച്ചറ്റീനോയുടെ നിയമനം.
ക്ലബ്ബ് ഫുട്ബോളിലെ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള പൊച്ചറ്റീനോ ഇതാദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ഒരുങ്ങുന്നത്. ക്ലബ് ഫുട്ബോളില്‍ ലാലിഗ ടീമായ എസ്പാൻയോളിനൊപ്പം പരിശീലക കരിയർ ആരംഭിച്ച പോച്ചെറ്റിനോ ഇംഗ്ലീഷ് ക്ലബ്ബുകളായ സതാംപ്ടണ്‍, ടോട്ടന്‍ ഹാം തുടങ്ങിയ ടീമുകളെയൊക്കെ പരിശീലിപ്പിച്ചിട്ടുണ്ട്
2013ൽ സതാംപ്ടണെ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തെത്തിച്ചു. ടോട്ടന്‍ഹാമിലാണ് പൊച്ചറ്റീനോയുടെ മാനേജീരിയല്‍ കരിയറിലെ സുവര്‍ണകാലം . അഞ്ച് വർഷം ക്ലബ്ബിലുണ്ടായിരുന്ന പൊച്ചറ്റീനോ ടോട്ടന്‍ഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു. പിന്നീട് പി.എസ്.ജിയിലും ചെൽസിയിലും പരിശീലകനായെത്തിയെങ്കിലും രണ്ട് ക്ലബിലും അദ്ദേഹത്തിന്റെ കീഴിൽ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 2026 ല്‍ സ്വന്തം മണ്ണിലരങ്ങേറുന്ന ലോകകപ്പ് മുന്നില്‍ കണ്ട് കൂടെയാണ് പൊച്ചറ്റീനോയെ അമേരിക്കന്‍ ടീം പരിശീലക വേഷത്തിലെത്തിക്കുന്നത്.