ഹിജാബ് ധരിച്ച ക്ലബ് പ്രസിഡന്റ്; പരമ്പരാഗതശീലങ്ങൾ പൊളിച്ചെഴുതുകയാണ് സെവർ ഏദെം
ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണ് സെവറിന്. സ്വന്തം തിരഞ്ഞെടുപ്പുമാണത്. വിശ്വാസം വിട്ടുള്ള ഒരു കളിയുമില്ലെന്നും അവർ ഉറപ്പിച്ചുപറയുന്നു
അദിയാമാൻ 1954 എഫ്‌സി എന്ന ഫുട്ബോള്‍ ക്ലബ് തുർക്കിയിലെ ലീഗ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയതോടെയാണ് ക്ലബിന്റെ പ്രസിഡന്റ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. താരങ്ങൾക്കൊപ്പം ഹിജാബ് ധരിച്ച ക്ലബിന്റെ യുവ പ്രസിഡന്റും ആരാധകഹൃദയം കവരുന്നത് അങ്ങനെയാണ്. പുരുഷന്മാർ വാഴുന്ന ഒരു കായികലോകത്ത് വിസ്മയമാകുന്ന തുർക്കി യുവതി സെവർ ഏദെമിനെക്കുറിച്ചാണ് പറയുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് 31കാരിയായ സെവർ അദിയാമാൻ ഫുട്‌ബോൾ ക്ലബ് പ്രസിഡന്റാകുന്നത്. ഒരു സ്‌പോൺസർഷിപ്പ് കരാറിലൂടെയായിരുന്നു ക്ലബിന്റെ അമരത്തേക്ക് അവരെത്തുന്നത്. ക്ലബ് പ്രസിഡന്റാകുക സ്വന്തം തിരഞ്ഞെടുപ്പോ സ്വന്തമായെടുത്ത തീരുമാനമോ ആയിരുന്നില്ലെന്ന് അവവർ പറയുന്നു. ഫുട്‌ബോളിലുള്ള താൽപര്യവും ക്ലബുമായുള്ള ബന്ധവും ആ ഒരൊറ്റ സ്‌പോൺസർഷിപ്പ് കരാരിലൂടെയാണ് ആരംഭിക്കുന്നത്. സ്‌പോൺസർഷിപ്പ് ഏറ്റെടുത്തതോടെ ക്ലബിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ തുടങ്ങി.
പിന്നീട് ക്ലബിന്റെ വൈസ് പ്രസിഡന്റ് ആകണമെന്ന ആവശ്യമുയർന്നു. ക്ലബിന്റെ കാര്യത്തിലുള്ള അതീവ ശ്രദ്ധയും സജീവ ഇടപെടലുമെല്ലാം കണ്ട മാനേജ്‌മെന്റ് ക്ലബിന്റെ തലപ്പത്ത് തന്നെ സെവറിനെ അവരോധിക്കുകയായിരുന്നു. അദിയാമൻ ക്ലബിന്റെ പ്രസിഡന്റ് ആകുന്നതിനു മുൻപ് വ്യവസായരംഗത്തും വിജയം കണ്ട വ്യക്തിയാണ് രണ്ട് മക്കളുടെ അമ്മയായ സെവർ ഏദം. തുർക്കിയിലെ പ്രമുഖ ഭക്ഷ്യ നിർമാണ കമ്പനിയിൽ ബിസിനസ് പങ്കാളിയുമാണ് അവർ.
പുരുഷാധിപത്യ ലോകത്തെ പെൺകരുത്ത്
പുരുഷന്മാർക്ക് മേൽക്കോയ്മയുള്ള ഒരു ഇടത്തിൽ ഇത്രയും ഉയർന്ന പദവി വഹിക്കുന്നത് ചില്ലറ കാര്യമല്ലെന്ന് സെവറിന് അറിയാം. ''പരമ്പരാഗത ശീലങ്ങൾക്ക് വിരുദ്ധമായ തന്റെ ഈ പദവിക്ക് വേണ്ടത്ര അംഗീകാരം കിട്ടാൻ കുറച്ചുകാലം ഇത്തിരി പ്രയാസമനുഭവിക്കേണ്ടി തന്നെ വന്നു. എന്നാൽ, എന്നെ അറിയുന്നവർക്കറിയാം ഇത്തരം പ്രയാസങ്ങളോടെല്ലാം പെട്ടെന്ന് ഇണങ്ങുന്നയാളാണ് ഞാനെന്ന്. ഞാൻ ഒരിക്കലും പിന്തിരിഞ്ഞോടിയില്ല. വിജയം കാണുംവരെ അത്യധ്വനം ചെയ്തു...'' സെവർ ഏദെം കൂട്ടിച്ചേർത്തു.
ഇത്തരം സ്ഥാനങ്ങളിൽ പുരുഷനും സ്ത്രീക്കും ഒരുപോലെ പ്രവർത്തിക്കാനാകുമെന്ന് സെവർ പറയുന്നു. പ്രതിഭയെ ലിംഗവുമായി ചേർത്തു സംസാരിക്കുന്നതിനെതിരാണ് അവർ. ഒാരോ വ്യക്തിക്കനുസരിച്ചും പ്രതിഭയും ശേഷികളും മാറും. ആണും പെണ്ണുമെന്ന നിലയ്ക്കല്ല അത്. പെണ്ണുങ്ങൾക്ക് ആധിപത്യമുള്ള ഇടമായി ചിത്രീകരിക്കപ്പെടുന്ന അടുക്കളയിൽ ജോലി ചെയ്യുന്ന ലോകപ്രശസ്ത ഷെഫുമാരുണ്ടെന്നും ഓർക്കണമെന്നും സെവർ ചൂണ്ടിക്കാട്ടുന്നു.
ഹിജാബും വിശ്വാസവും
ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഇങ്ങനെ ഒരു ക്ലബിന് നേതൃത്വം നൽകുന്നതിലും അവർക്ക് കൃത്യമായ നിലപാടുണ്ട്. അതു വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സെവർ പറയുന്നത്. സ്വന്തം തിരഞ്ഞെടുപ്പുമാണത്. വിശ്വാസം വിട്ടുള്ള ഒരു കളിയുമില്ലെന്നും അവർ ഉറപ്പിച്ചുപറയുന്നു.
''എല്ലാവരുടെയും ജീവിതരീതിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. എല്ലാവരും പരസ്പരം ഈ ആദരവ് പുലർത്തേണ്ടതുണ്ട്. സ്റ്റേഡിയത്തിൽനിന്ന് എതിർപ്പിനെക്കാൾ പിന്തുണയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. വൈവിധ്യങ്ങൾ ഒരു കരുത്തായാണ് ജനങ്ങൾ കാണുന്നതും അങ്ങനെയാണ് അവർ അതിനെ പിന്തുണയ്ക്കുന്നതും.''
നിലവിൽ ലീഗ് രണ്ടിൽ പ്രവേശിച്ചിട്ടുണ്ട് അദിയാമാൻ 1954 എഫ്‌സി. തുർക്കിയിൽ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഒരു ഫുട്‌ബോൾ ക്ലബ് ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്. ക്ലബിനെ ലീഗ് വണ്ണിലെത്തിക്കുകയാണ് സെവറിന്റെ സ്വപ്നം. താരങ്ങൾ ഇപ്പോഴുള്ള നിശ്ചയദാർഢ്യവും ഊർജവും തുടരുകയാണെങ്കിൽ അത് അസാധ്യമല്ലെന്നും സെവറിന് ഉറപ്പുണ്ട്.