മിശിഹയുടെ ആരാധകര്‍ക്ക് പകല്‍പ്പൂരം... കണക്കുകളില്‍ ഇന്ന് 'മെസി ഡേ'

ഇതിനോടകം 72 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യൂറോയിലും കോപ്പയിലുമായി ഫ്രീകിക്കിലൂടെ വീണത് ആകെ രണ്ട് ഗോളുകള്‍ മാത്രം. ആ രണ്ട് ഗോളുകളും പിറന്നത് ഒരേ ബൂട്ടില്‍ നിന്ന്...

Update: 2022-08-29 12:25 GMT
Advertising

കോപ്പ അമേരിക്കയിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്‍റീന സെമിയിലെത്തിയ സന്തോഷത്തിലാണ് അര്‍ജന്‍റീനിയന്‍ ആരാധകര്‍. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസിയും ആരാധകരെ സംബന്ധിച്ച് ഇരട്ടിമധുരം പകരുന്ന ചേരുവയാണ്. എന്നാല്‍ മെസിയാരാധകര്‍ക്ക് ആവേശം പകരാന്‍ ഇനിയുമുണ്ട് കാരണങ്ങള്‍...

ഫ്രീകിക്ക് ഗോളുകള്‍

യൂറോയിലും കോപ്പയിലുമായി ആകെ 72 മത്സരങ്ങള്‍ ഇതിനോടകം കഴിഞ്ഞു. ആകെ ഗോളുകളുടെ എണ്ണത്തില്‍ യൂറോ കപ്പ് റെക്കോര്‍ഡുമിട്ടു. എന്നാല്‍ ഈ രണ്ട് ടൂര്‍ണമന്‍റുകളിലുമായി ഫ്രീകിക്കിലൂടെ വീണത് ആകെ രണ്ട് ഗോളുകള്‍ മാത്രം. ആ രണ്ട് ഗോളുകളും പിറന്നത് ഒരേ ബൂട്ടില്‍ നിന്ന്... ലയണല്‍ മെസിയുടെ ഇടങ്കാലില്‍ നിന്ന്...!

യൂറോകപ്പിൽ ഡയറക്ട് ഫ്രീകിക്ക് ഗോള്‍ ഒന്നും ഇതു വരെ ഉണ്ടായില്ല എന്ന് കമന്‍ററി പറയുന്നതിനിടയിൽ കമന്‍റേറ്റേഴ്സ്‌ ഇങ്ങനെ പറയുന്നുണ്ടായിരുന്നു..."Unfortunately that left footer is not in this competition."

ഇക്വഡോറിനെതിരായ ഗോളിലൂടെ മെസി ഇത്തവണ മറികടന്നത് പോര്‍ച്ചുഗല്‍ ഇതിഹാസം സാക്ഷാല്‍ ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയെയാണ്. ഇതുതന്നെയാണ് മെസിപ്പടയെ സംബന്ധിച്ച് ആഘോഷങ്ങള്‍ കൂടുതല്‍ മധുരമുള്ളതാകാന്‍ കാരണം. ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിലാണ് മെസി റൊണാള്‍ഡോയെ മറികടന്നിരിക്കുന്നത്. ഫ്രീകിക്കിലൂടെ നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഈ നൂറ്റാണ്ടിലെ രണ്ട് ഇതിഹാസങ്ങളും ഒരേ നിലയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇക്വഡോറിനെതിരായ സെമി പോരാട്ടത്തില്‍ സുന്ദരമായ ഫ്രീകിക്കിലൂടെ വലകുലുക്കിയ മെസി ഗോള്‍നേട്ടത്തില്‍ റോണോയെ മറികടക്കുകയായിരുന്നു.  



കളിയുടെ 90ാം മിനുട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയെ ഫൗള്‍ ചെയ്തതിന് ഇക്വഡോറിന്‍റെ ഹിൻകാപ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. ഇതിനുലഭിച്ച ലഭിച്ച ഫ്രീകിക്ക് മെസി വലയിലെത്തിച്ചതോടെ അര്‍ജന്‍റീനിയന്‍ ക്യാമ്പില്‍ ആവേശം അണപൊട്ടുകയായിരുന്നു. ഇതുവരെ 57 ഗോളുകളാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാന്യോയുടെ ബൂട്ടില്‍ നിന്ന് ഫ്രീകിക്കിലൂടെ പിറന്നത്. ഫ്രീകിക്ക് ഗോള്‍നേട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന മെസി ഇന്നത്തെ ഗോളോടെ തന്‍റെ അക്കൌണ്ടിലെ ഗോള്‍ നേട്ടം 58 ആക്കി.

77 ഫ്രീകിക്ക് ഗോളുകളുമായി ബ്രസീലിന്‍റെ മുന്‍താരം ജുനിഞ്ഞോ പെർനാംബുക്കാനോയാണ് ഗോള്‍പട്ടികയില്‍ ഒന്നാമന്‍. 70 ഫ്രീകിക്ക് ഗോളുകളോടെ ബ്രസീലിന്‍റെ തന്നെ ഇതിഹാസ താരം പെലെ രണ്ടാമതും. ഈ പട്ടികയിലാണ് 58 ഗോളുകളോടെ മെസി 11ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

മാന്‍ ഓഫ് ദ മാച്ച്

കോപ്പയില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച മെസി നാലിലും കളിയിലെ താരമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. നാല് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ മെസി തന്നെയാണ് കോപ്പയിലെ ടോപ് സ്കോററും. നാല് ഗോളുകള്‍ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്നപ്പോള്‍ നാല് ഗോളുകള്‍ക്ക് അവസരമൊരുക്കി അസിസ്റ്റുകളിലും മിശിഹ തന്‍റെ പാദമുദ്ര പതിപ്പിച്ചു.


ഗോള്‍നേട്ടത്തില്‍ പെലെക്കരികെ...

ഇക്വഡോറിനെതിരായ മത്സരത്തിലെ ഗോളോടുകൂടി മെസി ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ നേട്ടത്തിനരികെയെത്തി. രാജ്യാന്തര ഗോളുകളുടെ എണ്ണത്തിലാണ് മെസി പെലെക്ക് തൊട്ടുപിന്നിലെത്തിയത്. ബ്രസീലിനായി പെലെ 77 ഗോളുകള്‍ നേടിയപ്പോള്‍ അര്‍ജന്‍റീനിയന്‍ ജഴ്സിയില്‍ മെസിയുടെ ഗോള്‍ നേട്ടം 76ലെത്തി.



രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകളുമായി ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയാണ് പട്ടികയില്‍ മുമ്പില്‍. ഇറാന്‍ താരം അലി ദേയ്ക്കൊപ്പമാണ് ക്രിസ്റ്റ്യാന്യോ റെക്കോര്‍ഡ് പങ്കുവെക്കുന്നത്. 109 ഗോളുകളാണ് അലി ദേയിയുടെയും ക്രിസ്റ്റ്യാന്യോയുടെയും സമ്പാദ്യം. 2006ല്‍ ദേയി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ഗോളുകളുടെ പട്ടികയില്‍ പെലെ ഏഴാം സ്ഥാനത്തും മെസി എട്ടാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രി 74 ഗോളുകളുമായി  ഈ പട്ടികയില്‍ 12ാമത് ഉണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഷെഫി ഷാജഹാന്‍

contributor

Similar News