''മെസ്സി തീരുമാനിച്ചിട്ടില്ല''; സൗദി ക്ലബ്ബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്
സൂപ്പര്‍ താരം സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
പാരിസ്: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണൽ മെസ്സി സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി താരത്തിന്‍റെ പിതാവ്. ഒരു ക്ലബ്ബുമായും ഇതുവരെ താരം ചർച്ച നടത്തിയിട്ടില്ല എന്നും സീസണിന്റെ അവസാനത്തോടെയേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും ജോർജ് മെസി പറഞ്ഞു.
''പി.എസ്.ജിയിൽ ഈ സീസൺ അവസാനിക്കും മുമ്പ് കൂടുമാറ്റത്തെക്കുറിച്ച് മെസ്സി ഒരു തീരുമാനമെടുക്കില്ല. ലിയോയെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു ക്ലബ്ബുമായും ഞങ്ങൾ ചർച്ച നടത്തിയിട്ടില്ല. പ്രചരിക്കുന്നത് മുഴുവൻ വ്യാജവാർത്തകളാണ്''- ജോർജ് മെസി പറഞ്ഞു
വമ്പൻ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബായ അല്‍ഹിലാല്‍ സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി അത്ര രസത്തിലല്ല. ഈയിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിന് പിഎസ്ജി താരത്തിന് രണ്ടാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ശമ്പളവും റദ്ദാക്കിയിരുന്നു. ഈ വർഷം ജൂൺ വരെയാണ് പി.എസ്.ജിയുമായി മെസ്സിക്ക് കരാറുള്ളത്. ഫ്രഞ്ച് ക്ലബിൽ നിന്ന് മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് മെസ്സി കൂടുമാറും എന്ന തരത്തിലും റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു.