'ടെസ്റ്റ് ഫൈനലിൽ സിറാജിനെയും ഷമിയെയും ഉപയോഗിക്കും'; കോഹ്ലിയും രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം പുറത്ത്
ഇഷാന്ത് ശർമ പുറത്തിരിക്കേണ്ടി വരും
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരാട്ടത്തിനായി ഇന്ത്യൻ സംഘം ഇംഗ്ലീഷ് മണ്ണിലെത്തിക്കഴിഞ്ഞു. ലണ്ടനിലിറങ്ങിയതിന്റെ ചിത്രങ്ങൾ കെഎൽ രാഹുൽ അടക്കമുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ടെസ്റ്റ് മത്സരം പുരോഗമിക്കുന്നതിനാൽ ഫൈനലിനുള്ള തന്ത്രങ്ങളൊരുക്കാൻ കൂടുതൽ അവസരങ്ങൾ ഇന്ത്യയ്ക്ക് മുന്നിലുണ്ട്. എന്നാൽ, സീനിയർ താരങ്ങളെ മാത്രം വിശ്വസിച്ചാകുമോ പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ അന്തിമ ഇലവൻ നിശ്ചയിക്കുക എന്ന കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ചർച്ച ചെയ്യുന്നത്. യുവതാരങ്ങളായ ശുഭ്മൻ ഗില്ലിനും മുഹമ്മദ് സിറാജിനും അവസരം ലഭിക്കുമോ എന്ന ചോദ്യം തന്നെയാണ് പ്രധാനമായി ഉയരുന്നത്.
എന്നാൽ, നായകൻ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും തമ്മിൽ നടത്തിയ ഒരു രഹസ്യ സംഭാഷണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതു വിശ്വാസ്യയോഗ്യമാണെങ്കിൽ സിറാജ് ഫൈനൽ സംഘത്തിലുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. സിറാജിനും ഷമിക്കും മത്സരത്തിൽ അവസരം ലഭിക്കുമെന്നാണ് കോഹ്ലിയുടെ ചോർന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനു മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംഭവം. മൈക്ക് ഓഫാണെന്ന ധാരണയിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ചു സംസാരിക്കുകയായിരുന്നു കോഹ്ലിയും രവി ശാസ്ത്രിയും. ന്യൂസിലൻഡിന്റെ ഇടങ്കയ്യൻ ബാറ്റ്‌സ്മാൻമാരെ എങ്ങനെ നേരിടുമെന്നതിനെ കുറിച്ചും ചർച്ചയായി. ഇതിനിടയിൽ, മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും എറൗണ്ട് ദ വിക്കറ്റിൽ എറിയിക്കാമെന്ന അഭിപ്രായം കോഹ്ലി മുന്നോട്ടുവച്ചു. രവി ശാസ്ത്രി ഇതു ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്.
Do check it out cricket fans #WTCFinal
— Mr. Stark (@twt_debo) June 3, 2021
I am sure Siraj is playing nowhttps://t.co/EFXZY3uICJ
മത്സരത്തിനായുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം സിറാജും പ്രതികരിച്ചിരുന്നു. ന്യൂസിലൻഡിന്റെ സ്റ്റാർ താരമായ നായകൻ കെയിൻ വില്യംസിനെ പുറത്താക്കാനുള്ള തന്ത്രം തന്റെയടുത്തുണ്ടെന്നായിരുന്നു സിറാജ് പറഞ്ഞത്. 'ഇംഗ്ലണ്ട് സാഹചര്യത്തിൽ പന്ത് കൂടുതൽ സ്വിങ് ചെയ്യും. അതുകൊണ്ട് ബാറ്റ്‌സ്മാനെ ഫ്രണ്ട് ഫൂട്ടിൽ കളിപ്പിക്കാനാണ് ഞാൻ ശ്രമിക്കുക. നിരന്തരം ഡോട്ട് ബൗളുകൾ എറിഞ്ഞുകൊണ്ടിരിക്കണം. ഇതോടെ സമ്മർദത്തിന് അടിപ്പെട്ട് ഷോട്ടുകൾ കളിക്കാൻ വില്യംസൻ നിർബന്ധിതനാകും. അതുവഴി അദ്ദേഹത്തെ പുറത്താക്കാനാകുമെന്നാണ് കരുതുന്നത്-സിറാജ് സൂചിപ്പിച്ചു.
വിരാട് കോഹ്ലി താരത്തിന് ഫൈനലിൽ ഇടം ഉറപ്പിച്ചതിന്റെ ഭാഗമാണോ ഇതെന്നാണ് ആരാധകർ ചർച്ച ചെയ്തിരുന്നത്. അതിനിടെയാണ് കോഹ്ലിയുടെ ഓഡിയോ ക്ലിപ്പും പുറത്തുവരുന്നത്. സിറാജിനും ഷമിക്കും അവസരം നൽകുകയാണെങ്കിൽ ഇഷാന്ത് ശർമയ്ക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുംറ തന്നെയായിരിക്കും ഇന്ത്യൻ ബൗളിങ് നിരയെ നയിക്കുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി രവിചന്ദ്രൻ അശ്വിനും ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. മൂന്ന് പേസർമാർ, രണ്ട് സ്പിന്നർമാർ എന്ന ബൗളിങ് കോംപിനേഷൻ തന്നെയായിരിക്കും ഇന്ത്യ ഉപയോഗിക്കുക. ഓപണിങ്ങിൽ രോഹിത് ശർമയ്‌ക്കൊപ്പം യുവതാരം ശുഭ്മൻ ഗിൽ തന്നെയായിരിക്കും പാഡ് കെട്ടുക. പകരം, കെഎൽ രാഹുലിനെ ഇറക്കാൻ സാധ്യത കുറവാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്.