ക്യാപ്റ്റന്‍റെ ഫോട്ടോ പങ്കുവച്ച് മുംബൈ ഇന്ത്യൻസ്; പൊങ്കാലയിട്ട് ആരാധകർ
'കുങ് ഫു പാണ്ഡ്യ' എന്ന തലക്കെട്ടോടെയാണ് മുംബൈ ഹര്‍ദിക് പാണ്ഡ്യയുടെ ഫോട്ടോ പങ്കുവച്ചത്
കഴിഞ്ഞ ഡിസംബറിലാണ് ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകരിൽ ഒരാളായ രോഹിത് ശർമയെ തങ്ങളുടെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയത്. മുംബൈയുടെ നീലക്കുപ്പായത്തിൽ ഏതാണ്ട് ഒരു പതിറ്റാണ്ട നീണ്ട രോഹിത് യുഗത്തിനാണ് ഇതോടെ അന്ത്യം കുറിക്കപ്പെട്ടത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയ ഹർദിക് പാണ്ഡ്യയെയാണ് ടീം പുതിയ ക്യാപ്റ്റനായി അവരോധിച്ചത്. ഈ തീരുമാനം ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് മുംബൈയുടെ സോഷ്യൽ മീഡിയ പേജുകൾ അൺ ഫോളോ ചെയ്ത് പോയത്. ആരാധകരുടെ ഈ അമർഷം ഇനിയും കെട്ടടങ്ങിയിട്ടില്ല..
മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം തങ്ങളുടെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്‌തൊരു ഫോട്ടോക്ക് താഴെ ആരാധകരുടെ പൊങ്കാലയാണ്. കുങ് ഫു പാണ്ഡ്യ എന്ന തലക്കെട്ടോടെ ടീം പങ്കിട്ട ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോട്ടോക്ക് താഴെയാണ് ആരാധകരുടെ പൊങ്കാല അരങ്ങേറുന്നത്. മുംബൈയുടെ യഥാർഥ ക്യാപ്റ്റൻ രോഹിതാണെന്നും പാണ്ഡ്യയല്ലെന്നുമാണ് പല ആരാധകരും ഒരേ സ്വരത്തിൽ പറയുന്നത്. 'മുംബൈയെ തന്റെ കുങ് ഫു കൊണ്ട് ഹർദിക് ഫിനിഷ് ചെയ്‌തോളും' എന്നാണ് ഒരു ആരാധകൻ കുറിച്ചത്. വാംഖഡേയിൽ ഹർദിക് ടോസ് ചെയ്യാനായി പോവുമ്പോൾ ഗാലറിയിൽ നിന്നുയരുന്ന രോഹിത് വിളികൾക്കായി കാത്തിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 'രോഹിതുള്ളത് കൊണ്ട് മാത്രമാണ് ഇക്കാലമത്രയും മുംബൈയുടെ കളി കണ്ടത്. ഇപ്പോള്‍ പാണ്ഡ്യ എന്ന ഒറ്റക്കാരണം കൊണ്ട് മുംബൈ തോല്‍ക്കാന്‍ ആഗ്രഹിക്കുന്നു'. ഇങ്ങനെ പോകുന്നു കമന്‍റുകള്‍
2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 സീസണില്‍ നിന്നാണ് ധോണിയുടെ നേട്ടം.
2024 സീസണിലേക്കാണ് ഹര്‍ദികിനെ നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീര്‍ഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്. രണ്ടാമത്തെ സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്.