യു.എസ് ഓപ്പണ്‍; നവോമി ഒസാക്കയെ അട്ടിമറിച്ച് 18കാരി ലെയ്‍ല ഫെര്‍ണാന്‍ഡസ്, സിറ്റ്സിപാസും പുറത്ത്
നിലവില്‍ എഴുപത്തിമൂന്നാമതാണ് റാങ്കിങ്ങില്‍ ലെയ്‍ല ഫെര്‍ണാന്‍ഡസ്
യു.എസ്.ഓപ്പണില്‍ വന്‍ അട്ടിമറികള്‍. നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ജപ്പാന്‍റെ നവോമി ഒസാക്ക യു.എസ് ഓപ്പണിന്‍റെ മൂന്നാം റൗണ്ടില്‍ നിന്നും പുറത്ത്. നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്കയെ കാനഡയുടെ കൗമാരതാരം ലെയ്‍ല ആനി ഫെര്‍ണാന്‍ഡസാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്കയുടെ തോല്‍വി. സ്‌കോര്‍: 5-7, 7-6, 6-4. ആദ്യ സെറ്റ് അനായാസം നേടിയ ഒസാക്ക പിന്നീടുള്ള രണ്ട് സെറ്റുകള്‍ കൈവിട്ടു. നിലവില്‍ എഴുപത്തിമൂന്നാമതാണ് റാങ്കിങ്ങില്‍ ലെയ്‍ല ഫെര്‍ണാന്‍ഡസ്.
പുരുഷ വിഭാഗത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും മൂന്നാം റൗണ്ടില്‍ പുറത്തായി. 18 കാരനായ സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാറസാണ് സിറ്റ്‌സിപാസിനെ അട്ടിമറിച്ചത്. മത്സരം അഞ്ച് സെറ്റ് നീണ്ടു. സ്‌കോര്‍: 6-3, 4-6, 7-6, 0-6, 7-6
ടൈബ്രേക്കര്‍ വരെയെത്തിയ അവസാന സെറ്റില്‍ അല്‍കാറസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലാം സെറ്റില്‍ ഒരു പോയിന്‍റുപോലും നേടാന്‍ യുവതാരത്തിന് കഴിഞ്ഞില്ല. എന്നിട്ടും അഞ്ചാം സെറ്റില്‍ അല്‍കാറസ് തിരിച്ചടിച്ചു. ഈ വിജയത്തോടെ യു.എസ്.ഓപ്പണ്‍ നാലാം റൗണ്ടില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പുരുഷതാരം എന്ന റെക്കോഡ് അല്‍കറാസ് സ്വന്തമാക്കി.