ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്ക് വെള്ളി
സ്വർണം നഷ്ടമായത് ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ
ബ്രസൽസ്: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 87.87 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനം നേടി. 85.97 മീറ്റർ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാമത്.
മൂന്നാമത്തെ ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച പ്രകടനം. സീസണിൽ ദോഹ, ലോസാന്‍ ഡയമണ്ട് ലീഗിൽ പങ്കെടുത്ത നീരജ് രണ്ടിലും രണ്ടാം സ്ഥാനത്തായിരുന്നു.
പാരീസ് ഒളിമ്പിക്‌സിലും നീരജ് ചോപ്രക്ക് വെള്ളിമെഡലാണ് ലഭിച്ചത്. 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്. ഗ്രാനഡയുടെ ആൻഡേഴ്‌സണാണ് വെങ്കലം ലഭിച്ചത്. ബ്രസൽസിൽ ആൻഡേഴ്സണ് പിന്നിലായി നീരജ്.
അതേസമയം, ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് അർഷദ് നദീമും കഴിഞ്ഞവർഷത്തെ ഡയമണ്ട് ട്രോഫി ജേതാവ് ജാകുബ് വാദ്ലെച് എന്നിവർ ബ്രസൽസ് ഡയമണ്ട് ലീഗിൽ പങ്കെടുത്തിരുന്നില്ല. സ്റ്റീപ്പിൾ ചേസ് ഫൈനലിൽ ഇന്ത്യയുടെ അവിനാശ് സാബ്‍ലെ ഒമ്പതാമതായി ഫിനിഷ് ചെയ്തു.