പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻഡ്സ് ഇന്നിറങ്ങും; ഖത്തറിനും വേണം ഒരു ജയം
രാത്രി എട്ടരയ്ക്ക് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം
ദോഹ: ലോകകപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻഡ്സ് ഇന്നിറങ്ങും. ആതിഥേയരായ ഖത്തറാണ് എതിരാളികൾ. രാത്രി എട്ടരയ്ക്ക് അൽബെയ്ത്ത്സ്റ്റേ ഡിയത്തിലാണ് മത്സരം.
പാരമ്പര്യപ്പെരുമയിൽ കുടുങ്ങിക്കിടക്കുന്ന ഓറഞ്ച് പടക്ക് ഖത്തറിൽ മൂപ്പെത്തിയിട്ടില്ല. തണുപ്പിൽ വിളയേണ്ട ഓറഞ്ചിന് മധ്യേഷ്യയിലെ ചൂട് പിടിക്കുന്നില്ലന്നർഥം. എന്നാലും പൂക്കേണ്ടതുണ്ട് നെതർലാൻഡ്സ്. എതിരാളികൾ നാട്ടുകാരായ ഖത്തർ തന്നെയാണ്. ഈ ലോകകപ്പിൽ നിന്ന് ഇതിനകം പുറത്തായ ഖത്തറിനും വേണം ഒരു ജയം. സ്വന്തം ജനതക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ..
ആദ്യ കളിയിൽ ഖത്തർ ഇക്വഡോറിനോട് തോറ്റു. രണ്ടാം മത്സരത്തിൽ സെനഗലിനോടും തോറ്റു. അടിച്ചത് ഒരു ഗോൾ.. വാങ്ങിയത് അഞ്ചെണ്ണം. ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ രണ്ടാമത്തെ മാത്രം ആതിഥേയരെന്ന നാണക്കേടും. മറുഭാഗത്ത് യൊഹാൻ ക്രൈഫിന്‍റെയും വാൻബാസ്റ്റന്റെയും ആര്യൻ റോബന്റെയും പോരാട്ടവീര്യം സിരകളിൽ പേറുന്ന നെതർലാൻഡ്സിന്‍റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ രണ്ട് കളികൾ. സെനഗലിനോട് അന്ത്യനിമിഷങ്ങളിൽ രണ്ട് ഗോളിന് ജയിച്ചു. ഇക്വഡോറിനോട് സമനില പിടിച്ചു. ഡീപെയുള്ള ആക്രമണത്തിന് തീരെ മുനയില്ല. വാൻഡികും ഡിലൈറ്റുമുള്ള പിൻനിരയിൽ നെടുകെ വിള്ളലുകൾ...
കളി മെനയാൻ മറന്ന മധ്യനിര.. പ്രലോഭനം രണ്ടാം റൗണ്ടെന്ന പ്രതീക്ഷ മാത്രം.. ഖത്തറിനെ മറികടന്നാൽ അതുറപ്പ്.. ലോകകപ്പിൽ നേരിട്ട ഏഷ്യൻ എതിരാളികളെയെല്ലാം തോൽപിച്ച ചരിത്രമുണ്ട് ഓറഞ്ച് പടക്ക്..