ബാംഗ്ലൂര്‍ ടെസ്റ്റ്; ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മല
സെഞ്ച്വറിയുമായി കളംനിറഞ്ഞ് രചിന്‍ രവീന്ദ്ര
ബാംഗ്ലൂര്‍ : ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ ലീഡുയർത്തി കിവീസ്. ഒന്നാം ഇന്നിങ്‌സിൽ രചിൻ രവീന്ദ്രയുടെ സെഞ്ച്വറിക്കരുത്തിൽ 402 റൺസാണ് സന്ദർശകർ അടിച്ചെടുത്തത്. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ഡെവോൺ കോൺവേയും ടിം സൗത്തിയും കിവീസ് സ്‌കോർ ബോർഡിന് മികച്ച സംഭാവനകൾ നൽകി.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയെ നാണം കെടുത്തിയ കിവീസ് സ്‌കോർബോർഡിൽ 50 റൺസ് തികയും മുമ്പേ മുഴുവൻ ബാറ്റർമാരെയും കൂടാരത്തിലെത്തിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ സന്ദർശകർ ഓപ്പണർ ഡെവോൺ കോൺവേയുടെ മികവിൽ സ്‌കോർ ബോർഡ് തുടക്കത്തില്‍ വലിയ നഷ്ടങ്ങളില്ലാതെ ഉയർത്തി. 33 റൺസുമായി വിൽ യങ്ങും 134 റൺസുമായി രചിൻ രവീന്ദ്രയും കോൺവേക്കൊപ്പം തിളങ്ങിയതോടെ സന്ദർശകരെ അതേ നാണയത്തിൽ തിരിച്ചടിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾ പൊലിഞ്ഞു.
വാലറ്റത്ത് ടിം സൗത്തി കൂടി അർധ സെഞ്ച്വറി കണ്ടെത്തിയതോടെ കിവീസ് മികച്ച സ്‌കോർ പടുത്തുയർത്തി. രചിന്‍ രവീന്ദ്രക്കൊപ്പം ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 137 റണ്‍സാണ് സൗത്തി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഒടുവില്‍ ലീഡ് 356 ലെത്തിച്ച ശേഷം മുഴുവന്‍ കിവീസ് ബാറ്റര്‍മാരും കൂടാരം കയറി. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 57 റൺസ് എടുത്തിട്ടുണ്ട്. 29 റൺസുമായി യശസ്വി ജയ്‌സ്വാളും 27 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ.