25ാം വയസില്‍ കളി മതിയാക്കി ആഷ്‍ലി ബാര്‍ട്ടി; ടെന്നീസ് കോര്‍ട്ടിനോട് വിട പറയുന്നത് ലോക ഒന്നാം നമ്പര്‍ താരം
ജനുവരിയില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം
ലോക ഒന്നാംനമ്പർ വനിത ടെന്നീസ് താരം ആഷ്‍ലി ബാർട്ടി വിരമിച്ചു. ആരാധകരെയെല്ലാ ഞെട്ടിച്ചുകൊണ്ട് 25 ആം വയസിലാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആഷ്‍ലി ബാര്‍ട്ടി ടെന്നീസിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.
വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ, ആസ്ത്രേലിയൻ ഓപ്പൺ കീരീടങ്ങൾ നേടിയ താരമാണ് ആഷ്‍ലി.
ജനുവരിയില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
പിന്‍മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്നു പറഞ്ഞ ആഷ്‍ലി ബാര്‍ട്ടി എന്നാല്‍ താന്‍ സന്തോഷവതിയാണെന്നും പുതിയ ജീവിതത്തിന് തയാറുമാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ ഇതാണ് ശരി. ടെന്നീസ് എനിക്ക് തന്ന എല്ലാത്തിനോടും നന്ദിയുണ്ട്. ടെന്നീസ് അവസാനിപ്പിക്കാനുള്ള ശരിയായ സമയം ഇതാണ്. ഇനിയെന്‍റെ മറ്റ് സ്വപ്‌നങ്ങളെ പിന്തുടരാനുള്ള അവസരമാണ്... ആഷ്‍ലി ബാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ആസ്‌ട്രേലിയക്കാരി എന്ന നേട്ടവും ജനുവരിയില്‍ ബാര്‍ട്ടി സ്വന്തമാക്കി. 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022 ആസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളിലാണ് ആഷ്‍ലി മുത്തമിട്ടത്.
114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ആഷ്‍ലി ബാർട്ടി. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പവും താരം കിരീടം ചൂടിയിട്ടുണ്ട്.