'കോഹ്ലിക്കുകീഴിൽ ആരുടെ സ്ഥാനവും സുരക്ഷിതമല്ല; ടീം സെലക്ഷനിൽ അവ്യക്തത'; വിമർശനവുമായി മുഹമ്മദ് കൈഫ്

നായകനെന്ന നിലയിൽ കോഹ്ലി എത്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട്. ഒരൊറ്റ ഐസിസി കിരീടം പോലും അദ്ദേഹത്തിന് നേടാനായിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം കൈഫ് ചൂണ്ടിക്കാട്ടി

Update: 2021-07-17 12:38 GMT
Editor : Shaheer | By : Web Desk
Advertising

വിരാട് കോഹ്ലിക്കു കീഴിലുള്ള ടീം സെലക്ഷനെ വിമര്‍ശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ടീമിൽ ആരുടെ സ്ഥാനവും ഉറപ്പല്ലെന്നും കോഹ്ലി താരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും കൈഫ് കുറ്റപ്പെടുത്തി.

നിലവിലെ പ്രകടനം മാത്രം പരിഗണിച്ചാണ് ഇപ്പോൾ ടീമിൽ ഇടംലഭിക്കുന്നത്. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ മുൻകാല പ്രകടനങ്ങൾക്കൊന്നും ഒരുതരത്തിലുമുള്ള പരിഗണനയും ലഭിക്കുന്നില്ല. മുൻപൊക്കെ താരങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, കോഹ്ലിയുടെ കാര്യം അങ്ങനെയല്ല-യൂടൂബ് ചാനലായ 'സ്‌പോർട് ടാക്കി'ന് നൽകിയ അഭിമുഖത്തിൽ കൈഫ് വിമർശിച്ചു.

ഇപ്പോഴത്തെ ഇന്ത്യൻ സംഘത്തിൽ ഒരു വ്യക്തതക്കുറവുണ്ട്. അക്കാര്യം നമ്മൾ അംഗീകരിക്കുക തന്നെ വേണം. നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള ആളുകളെ മാത്രമാണ് വിരാട് കോഹ്ലി കാണുന്നതും ടീമിലെടുക്കുന്നതും. അതാണ് കോഹ്ലിയുടെ രീതി. എല്ലാത്തിനുമൊടുവിൽ നായകനെന്ന നിലയിൽ അദ്ദേഹം എത്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട്. ഒരൊറ്റ ഐസിസി കിരീടം പോലും അദ്ദേഹത്തിന് നേടാനായിട്ടില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.

താരങ്ങളുടെ പഴയ പ്രകടനങ്ങൾക്ക് ടീം മാനേജ്‌മെന്റ് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. അതുകൊണ്ടാണ് സൂര്യകുമാർ യാദവിനും ഇഷാൻ കിഷനുമെല്ലാം അവസരങ്ങൾ ലഭിച്ചത്. അതുകൊണ്ടാണ് ശിഖർ ധവാന് കുറച്ച് കളികളിൽ പുറത്തിരിക്കേണ്ടിവന്നതും രോഹിത് ശർമയ്ക്ക് വിശ്രമമനുവദിച്ചതും. എന്നാൽ, സൗരവ് ഗാംഗുലി താരങ്ങൾക്ക് മികച്ച പിന്തുണ നൽകിയിരുന്നയാളാണ്. അങ്ങനെയാണ് ഒരു നായകൻ ചെയ്യേണ്ടതെന്നും കൈഫ് കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News