നോഹ വേഗരാജന്‍; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍റില്‍

അത്യന്തം ആവേശകരമായ പോരാട്ടത്തിന്‍റെ വിധിനിര്‍ണയിച്ചത് ഫോട്ടോഫിനിഷ്

Update: 2024-08-05 04:26 GMT
Advertising

പാരീസ്: അമേരിക്കയുടെ നോഹ ലൈൽസ് പാരീസ് ഒളിമ്പിക്‌സിലെ വേഗരാജാവ്. 100 മീറ്റർ 9.79 സെക്കന്റിൽ ഫിനിഷ് ചെയ്താണ് നോഹ സുവർണനേട്ടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ജമൈക്കൻ താരം കിഷൈൻ തോംസണും നോഹും 9.79 സെക്കന്റിലാണ് മത്സരം ഫിനിഷ് ചെയ്തത്.

എന്നാൽ സെക്കന്റിൽ അയ്യായിരത്തിൽ ഒരംശത്തിന് നോഹ തോംസണെ മറികടന്നു. അമേരിക്കയുടെ തന്നെ ഫ്രെഡ് കെർലിയാണ് മൂന്നാമന്‍. അവസാന സെക്കന്റ് വരെ മുന്നിലോടിയിരുന്ന തോംസണെ ഒറ്റക്കുതിപ്പിലാണ് നോഹ പിന്നിലാക്കിയത്. വിജയികളാരാണെന്ന് പോലുമറിയാതെ സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഒടുവിൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ഫോട്ടോ ഫിനിഷിലൂടെ വിധിയെത്തി. നോഹ ചാമ്പ്യൻ.

2004 ഒളിമ്പിക്‌സിൽ സ്വർണം നേടിയ ജസ്റ്റിൻ ഗാറ്റ്‌ലിന് ശേഷം 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് നോഹ. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ താരം വെങ്കലമണിഞ്ഞിരുന്നു. നോഹയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് പാരീസ് ഒളിമ്പിക്സ് ഫൈനലില്‍ പിറന്നത്. സെമിയിൽ 9.83 സെക്കന്റിലോടി മൂന്നാമനായി ഫിനിഷ് ചെയ്ത നോഹ ഫൈനലിൽ നടത്തിയ അതിശയക്കുതിപ്പ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കായികലോകം.

സുവർണ നേട്ടത്തോടെ അമേരിക്കയെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിക്കാനും നോഹക്കായി. ചൈനക്കും അമേരിക്കക്കും 19 സ്വർണമാണെങ്കിലും വെള്ളിയുടേയും വെങ്കലത്തിന്റേയും കണക്കിൽ അമേരിക്കയാണ് മുന്നിൽ. യു.എസിന് 26 വെള്ളിയും വെങ്കലവുമുണ്ട്. 15 വെള്ളിയും 11 വെങ്കലവുമാണ് ചൈനക്കുള്ളത്. 12 സ്വർണവുമായി ഫ്രാൻസാണ് മൂന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയ നാലാമാതും ഗ്രേറ്റ് ബ്രിട്ടൺ അഞ്ചാമതുമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News