ഒലീ പോപ്പിന് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 420 റൺസിന് പുറത്തായി. 196 റൺസെടുത്ത ഒലീ പോപ്പിന്റെ ബാറ്റിങ് കരുത്തിലാണ് സന്ദർശകർ മികച്ച സ്കോർ കണ്ടെത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും രവീന്ദ്ര ജദേജ രണ്ടും വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലിനാണ് ഒരു വിക്കറ്റ്.
ആറ് വിക്കറ്റിന് 316 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ റെഹാൻ അഹമ്മദ് പുറത്തായി. എന്നാൽ, ഒലീ പോപ്പ് പിടിച്ചുനിന്നതോടെ ഇന്ത്യൻ ബൗളർമാർ വിയർത്തു. 21 ബൗണ്ടറികളുടെ അകമ്പടിയോടെ 278 പന്തിൽനിന്നാണ് പോപ്പ് 196 റൺസെടുത്തത്.
ഇരട്ട സെഞ്ച്വറിക്ക് നാല് റൺസ് അകലെ ബുംറയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്താകാനായിരുന്നു വിധി. മൂന്നാമനായി ഇറങ്ങിയ പോപ്പിന്റെ വിക്കറ്റോടെ ഇംഗ്ലണ്ട് ആൾഔട്ടായി.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസാണ് എടുത്തത്. 436 റൺസെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് നേടി. ജെയ്സ്വാൾ (80), കെ.എൽ രാഹും (86), രവീന്ദ്ര ജദേജ (87) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോറിലെത്തിയത്.
നാലാം ദിനം ഉച്ചഭക്ഷണശേഷം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ചപ്പോൾ 24 റൺസെടത്തിട്ടുണ്ട്. രോഹിത് ശർമയും ജയ്സ്വാളുമാണ് ക്രീസിൽ. ഇന്ന് 58 ഓവർ കൂടി ബാക്കിയുണ്ട്.