ടോക്യോ ഒളിംപിക്‌സ്: 80 ശതമാനം ജപ്പാൻകാർക്കും എതിർപ്പെന്ന് സർവേ
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് റദ്ദാക്കണമെന്ന് ടോക്യോയിലെ ഡോക്ടർമാരുടെ സംഘടനയും ആവശ്യപ്പെട്ടു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്യോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേയിൽ 80 ശതമാനം ജപ്പാന്‍കാരും ഇത്തവണ രാജ്യം ഒളിംപിക്‌സിന് ആതിഥ്യം വഹിക്കരുതെന്ന അഭിപ്രായമാണ് പങ്കുവച്ചത്. ഒളിംപിക്‌സ് റദ്ദാക്കണമെന്ന് ടോക്യോയിലെ ഡോക്ടർമാരുടെ സംഘടനയും ആവശ്യപ്പെട്ടു.
ജപ്പാനിൽ കോവിഡിന്റെ നാലാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥ വെള്ളിയാഴ്ച നീട്ടിയിരുന്നു. ഇതിനിടയിലാണ് വിളിപ്പാടകലെയുള്ള ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന മുറവിളി രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസം ആസാഹി ശിംബുൻ നടത്തിയ സർവേയിൽ 43 ശതമാനം പേരും കായിക മാമാങ്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. 40 ശതമാനം പേർ മറ്റൊരവസരത്തിലേക്ക് നീട്ടിവയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. 14 ശതമാനം പേർ മുൻനിശ്ചയിച്ചതു പ്രകാരം തന്നെ നടക്കട്ടെയെന്ന അഭിപ്രായക്കാരുമാണ്.
ടോക്യോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടനയായ ടോക്യോ മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മത്സരം നടത്തുക ശ്രമകരമാണെന്ന് രാജ്യാന്തര ഒളിംപിക് സമിതിയെ ബോധ്യപ്പെടുത്തണെന്ന് സംഘടന ഭരണകൂടത്തോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നും ഇനിയും കൂടുതൽ പേരെ താങ്ങാനുള്ള ശേഷിയില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് എഴുതിയ തുറന്ന കത്തിൽ സംഘടന അറിയിച്ചു.
2020 ഒളിംപിക്‌സ് ടോക്യോയിൽ ജുലൈ 23 മുതൽ ഓഗസ്റ്റ് എട്ടുവരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളും ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്.