'ഗാർഡിയോള അന്നെന്നെ പരിഗണിച്ച് പോലുമില്ല'; ബാഴ്‌സയിൽ ചേരാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി ഓസില്‍
സ്പാനിഷ് മാധ്യമമായ മാഴ്സക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓസിലിന്‍റെ വെളിപ്പെടുത്തല്‍.
മൂന്ന് ദിവസം മുമ്പാണ് ജർമൻ ഫുട്‌ബോൾ ഇതിഹാസം മെസ്യൂട്ട് ഓസിൽ പ്രൊഫണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തുർക്കി വംശജനായ ഓസിൽ 2018 ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു.
ഇപ്പോഴിതാ താൻ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സയിൽ ചേരാതിരിക്കാനുണ്ടായ കാരണം പറഞ്ഞിരിക്കുകയാണ് താരം. ലാലീഗയിൽ എത്തുന്നതിന് മുമ്പ് തനിക്ക് ബാഴ്‌സയെന്ന ഓപ്ഷനുണ്ടായിരുന്നു എന്നും എന്നാൽ പരിശീലകനായ പെപ് ഗാർഡിയോള തന്നെ പരിഗണിക്കുക പോലും ചെയ്തില്ലെന്നും ഓസിൽ പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാഴ്സയോോടാണ് ഓസിലിന്‍റെ വെളിപ്പെടുത്തല്‍.
''അന്ന് എനിക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. റയലും ബാഴ്‌സയും. ഞാൻ റയൽ തെരഞ്ഞെടുക്കാനുള്ള കാരണം അന്ന് റയൽ പരിശീലകനായിരുന്ന ജോസെ മോറീഞ്ഞോയാണ്. അതൊരിക്കലും റയല്‍ എനിക്ക് മുന്നില്‍ വച്ച ഓഫറായിരുന്നില്ല. മാഡ്രിഡ് സന്ദർശിച്ച വേളയിൽ മോറീഞ്ഞോ എനിക്ക് രാജകീയമായ വരവേൽപ്പാണ് നൽകിയത്. എന്നാൽ ബാഴ്‌സ സന്ദർശന വേളയിൽ പെപ് ഗാര്‍ഡിയോള ഞാനുമായൊരു കൂടിക്കാഴ്ച്ചക്ക് താൽപര്യം പോലും കാണിച്ചില്ല"- ഓസില്‍ പറഞ്ഞു.
17 വർഷം നീണ്ട തന്‍റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയര്‍ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമുള്ള ആനന്ദകരമായ യാത്രയായിരുന്നു എന്നും അതിന് ഷാൽക്കെ 04, വെർഡർ ബ്രേമൻ, റയൽ മാഡ്രിഡ്, ആഴ്‌സണൽ എഫ്.സി, ഫെനർബാഷെ, ബസക്സെര്‍ തുടങ്ങിയ ക്ലബുകൾക്ക് നന്ദി പറയുന്നുവെന്നും ഓസിൽ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ കുറിച്ചിരുന്നു.