ഏഷ്യാകപ്പിലെ കയ്യാങ്കളി; പാക്, അഫ്ഗാൻ താരങ്ങൾക്ക് പിഴ
പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്കാണ് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്‍റെ 25 ശതമാനമാണ് പിഴ നല്‍കേണ്ടത്.
ഏഷ്യാ കപ്പിലെ അഫ്ഗാന്‍-പാകിസ്താന്‍ ആവേശപ്പോരിന് പിന്നാലെ നടന്ന അനിഷ്ട സംഭവങ്ങളില്‍ പാക്-അഫ്ഗാന്‍ താരങ്ങള്‍ക്ക് പിഴയിട്ട് ഐ.സി.സി. പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്കാണ് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്‍റെ 25 ശതമാനമാണ് പിഴ നല്‍കേണ്ടത്.
രണ്ട് പേർക്കും ഓരോ ഡീമെറിറ്റ് പോയിന്‍റും നൽകും. അശ്ലീല ആഗ്യം കാണിച്ചതിനാണ് ആസിഫലിക്ക് ശിക്ഷ. കൈയേറ്റത്തിന് മുതിർന്നതാണ് ഫരീദ് അഹമ്മദിനെതിരായ കുറ്റം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ നസീം ഷായുടെ ഞെട്ടിക്കുന്ന പ്രകടനത്തിന്‍റെ ബലത്തിലാണ് പാകിസ്താന്‍ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കിയത്. മത്സരത്തിന്‍റെ 19-ാം ഓവര്‍ വരെ കാര്യങ്ങള്‍ ശാന്തമായിരുന്നു.
19-ാം ഓവര്‍ എറിഞ്ഞ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ നാലാം പന്ത് പാക് താരം ആസിഫ് അലി സിക്‌സറിന് പറത്തി. എന്നാല്‍ അഞ്ചാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ ഫരീദിനെ വീണ്ടും സിക്‌സറിന് പറത്താനുള്ള ആസിഫിന്‍റെ ശ്രമം പാളി. പന്ത് നേരെ കരീം ജനതിന്‍റെ കൈയില്‍. മത്സരത്തിലെ നിര്‍ണായക വിക്കറ്റായതുകൊണ്ടുതന്നെ മുഴുന്‍ ആവേശവും ഫരീദ് അവിടെ പുറത്തെടുത്തു. എന്നാല്‍ ആ ആവേശം ആസിഫിന് അത്ര ദഹിച്ചില്ല. ബാറ്റെടുത്ത് ഫരീദിനെ അടിക്കാന്‍ ആസിഫ് തുനിഞ്ഞു. ഇതോടെ രംഗം വഷളായി. അമ്പയറും അഫ്ഗാന്‍ താരങ്ങളും കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ സംഭവം അവസാനിച്ചു.
അതേസമയം അതിന്‍റെ ബാക്കി പോരാട്ടം സ്റ്റേഡിയത്തില്‍ നടന്നു. അതുപക്ഷേ താരങ്ങള്‍ തമ്മിലായിരുന്നില്ല. ആരാധകര്‍ തമ്മിലായിരുന്നു. സ്റ്റേഡിയത്തിലെ കസേരകളും മറ്റുമെടുത്ത് അന്യോന്യം എറിഞ്ഞാണ് പാക്-അഫ്ഗാന്‍ ആരാധകര്‍ തമ്മിലടിച്ചത്.